മലയാള ജനകീയ നാടകവേദിക്ക് മറക്കാനാകാത്ത കലാവ്യക്തിത്വവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന മധുമാസ്റ്ററുടെ പേരിൽ കൾച്ചറൽ ഫോറം കേരള ഏർപ്പെടുത്തിയ മൂന്നാമത് മധുമാസ്റ്റർ അവാർഡ് 2025 നവംബർ 7 നു നാടകപ്രവർത്തകനായ ഗോപാലൻ അടാട്ടിനു സമ്മാനിക്കും.
എതിർവാക്കുകൾക്ക് വിലങ്ങിടുന്ന ഫാസിസം കരുത്താർജ്ജിക്കുകയും അതിനെതിരായ പ്രതികരണങ്ങൾ പലവിധ സോഷ്യൽ എഞ്ചിനീയറിങ്ങുകൾക്കടിപ്പെട്ട് ദുർബ്ബലമാവുകയും ചെയ്യുന്ന ഒരു സാംസ്കാരിക അന്തരീക്ഷത്തിൽ അധികാരവ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന അനീതികൾക്കെതിരെ നിരന്തരം കലഹിക്കുകയും തന്റെ കലാ പ്രവർത്തനത്തെ അതിനുള്ള ഏറ്റവും മികച്ച ഉപാധിയായി സൂക്ഷിക്കുകയും ചെയ്ത മധുമാസ്റ്ററെപ്പോലുള്ള ഒരു കലാപ്രവർത്തകന്റേയും സാംസ്കാരിക പ്രവർത്തകന്റേയും ഓർമ്മകൾ തിരിച്ചു പിടിക്കുക എന്നത് അങ്ങേയറ്റം ഗൗരവതരമായ സാംസ്കാരികപ്രവർത്തനം തന്നെയാണ് എന്ന നിലപാടിൽ നിന്നുകൊണ്ടാണ് 2023 ൽ കൾച്ചറൽ ഫോറം മധുമാസ്റ്റർ അവാർഡിനെക്കുറിച്ച് ആലോചിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു .
മൂന്നാമത് മധുമാസ്റ്റർ അവാർഡാണ്,മലയാള നാടകവേദിയിൽ മൂന്നു ദശാബ്ദങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗോപാലൻ അടാട്ടിനു സമർപ്പിക്കുന്നത്.മലയാള നാടകചരിത്രത്തിൽ വലിയ വഴിത്തിരിവു സൃഷ്ടിച്ച അന്തരിച്ച നാടക സംവിധായകൻ ജോസ് ചിറമ്മലിന്റെ റൂട്ട് നാടകസംഘത്തോടോപ്പം 1987 ൽ സഞ്ചരിച്ചുതുടങ്ങിയ ഗോപാലൻ അടാട്ട് വിവിധ ദേശീയ അന്തർദ്ദേശീയ വേദികളിൽ അഭിനയമികവിനാൽ ശ്രദ്ധിക്കപ്പെട്ട കലാകാരനാണ്.മലയാള ചലച്ചിത്ര രംഗത്തും ഗോപാലൻ അടാട്ട് പ്രവർത്തിച്ചുവരുന്നുണ്ട്.

2025 നവംബർ 7 നു വൈകുന്നേരം 4 മണിമുതൽ കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന മധുമാസ്റ്റർ അനുസ്മരണ സമ്മേളനത്തിൽ വെച്ച് റവല്യൂഷണറി കൾച്ചറൽ ഫോറം അഖിലേന്ത്യാ കൺവീനർ തുഹിൻ (ഛത്തീസ് ഗഡ്) അവാർഡ് സമർപ്പണം നടത്തും.പ്രശസ്തി പത്രവും ഫലകവും 10000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.നാടക-സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും. ഗാസയിലെ വംശഹത്യക്കെതിരെ പ്രതിഷേധിച്ചും പലസ്തീൻ ജനതയോട് എല്ലാ നിലയിലും ഐക്യപ്പെട്ടുകൊണ്ടും പലസ്തീൻ ഗാനങ്ങളുടെ ആവിഷ്കാരം സംഘടിപ്പിക്കും. തുടർന്ന് രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത ഡോക്യുമെന്ററി, “സത്യപ്പുല്ല്” പ്രദർശ്ശിപ്പിക്കും.പരിപാടിയിൽ സംവിധായകനും പങ്കാളിയാകും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

