എഴുത്തുകാരുടെ കളി ഗ്യാലറിക്കു വേണ്ടിയാകരുത് – കെ ആർ മീര

ഗ്യാലറിക്ക് വേണ്ടി കളിക്കുവാൻ എഴുത്തുകാർ തയ്യാറായിക്കൂടെന്നും, ഗ്യാലറിയുടെ കയ്യടിക്കു വേണ്ടിയല്ല സമൂഹത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാകണം എഴുത്തുകാർ വാദിക്കുകയും പൊരുതുകയും ചെയ്യേണ്ടത് എന്നും എഴുത്തുകാരി കെ.ആർ. മീര. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ചിന്ത- മാസ് സാഹിത്യോത്സവം ഉദ്‌ഘാടനം ചെയ്തു സംസാരിക്കവെയാണ് മീര ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചില സമയത്തെ ചിലരുടെ മൗനവും ചില സമയത്തെ ചിലരുടെ ആക്രോശവും ഒരുപോലെ സമൂഹത്തെ ഭീതിപ്പെടുത്തുന്നതാണ്. അതിനെ നേരിടാനാവശ്യമായ ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരായി നാം പരിവർത്തനം ചെയ്യപ്പെടേണ്ടതുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

ഭൂമിയിലെ നന്മ തിന്മകളെ തിരിച്ചറിയാനുള്ള പരിശ്രമങ്ങളാണ് സാഹിത്യം നിർവഹിക്കുന്നത്. എന്നാൽ സമീപകാലത്തായി കെടുതികൾക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നവരെ നിശബ്ദരാക്കാൻ കുടില പരിശ്രമങ്ങളാണ് നടക്കുന്നത്. ശരിയായ നിലപാടുകൾ എടുക്കുന്നവരെ ആക്രമിക്കപ്പെടുന്ന സാഹചര്യം വർധിച്ചു വരുന്നു. തുല്യമായ സാഹചര്യത്തെക്കുറിച്ച്, തുല്യമായ നീതിയെക്കുറിച്ച്, തുല്യമായ അവകാശങ്ങളെക്കുറിച്ച് ആരാണോ ആവർത്തിച്ചു സംസാരിക്കുന്നത് അവരാണ് കൂടുതൽ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. കൂടുതൽ കൂടുതൽ ആക്രമിക്കപ്പെടുമ്പോൾ ശരിയായ ദിശയിലാണ് താനെന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും ഈ ബോധ്യപ്പെടുത്തലാണ് മുന്നോട്ടു നയിക്കുന്ന കരുത്തെന്നും മീര പറഞ്ഞു. ചിലരുടെ തെറ്റുകൾ അതിശക്തിയോടെ ന്യായീകരിക്കൽ,. ചിലരുടെ തെറ്റുകൾ അതിശക്തിയോടെ എതിർക്കൽ, പുരോഗമന ചേരിയെ നിരന്തരമായി ആക്രമിക്കൽ, പുരോഗമന വിരുദ്ധ ചേരിയെ താലോലിക്കൽ ഇവയൊക്കെ ഭീതിജനകമാണ്. വലതുപക്ഷ കൊള്ളരുതായ്മകളെ താലോലിക്കുന്ന മാധ്യമങ്ങൾ സമൂഹത്തേയും, മനുഷ്യ നന്മയേയും ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ മാധ്യമ രീതികൾ അപകടകരമാണ്. പലസ്തീൻ എന്നത് രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളോ, രണ്ടു മതങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളോ, രണ്ടു പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളോ ഒന്നുമല്ല. മറിച്ച് നീതിയും അനീതിയും തമ്മിലുള്ള, ധാർമികതയും അധാർമികതയും തമ്മിലുള്ള, മനുഷ്യത്വവും മനുഷ്യത്വമില്ലായ്മയും തമ്മിലുള്ള ഏറ്റുമുട്ടലാണ് എന്നും മീര അഭിപ്രായപ്പെട്ടു.

മൈഗ്രേഷൻ – വൈവിധ്യം, സാധ്യത വെല്ലുവിളികൾ, ദേശാന്തരങ്ങളില്ലാതെ മലയാളം സാഹിത്യം, ജെ ബി ടോക്ക് ഷോ തുടങ്ങിയ മൂന്നു സെഷനുകളും, വയലാർ കാവ്യാലാപന മത്സരവും ആദ്യ ദിവസം നടന്നു. ഉദ്‌ഘാടന സെഷനിൽ ഹാരിസ് അന്നാര അധ്യക്ഷത വഹിച്ചു. മാസ് സ്ഥാപക നേതാവും, ലോക കേരള സഭ അംഗവുമായ കെ. ടി. ഹമീദ്, ചിന്ത പ്രതിനിധി കെ. എസ്. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ബിനു കോറോം സ്വാഗതവും, ബഷീർ കാലടി നന്ദിയും പറഞ്ഞു. ജിതേഷ് രണ്ടു ദിവസത്തെ പരിപാടികൾ വിശദീകരിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply