സംസ്ഥാന സ്കൂൾ കലോത്സവ വേദികളെ അനുസ്മരിപ്പിക്കുന്ന മെയ്‌വഴക്കവുമായി എടരിക്കോടിന്റെ പ്രവാസി കലാകാരന്മാർ ഷാർജയിൽ അരങ്ങ് തകർത്തു. ദുബായ് ചാപ്റ്റർ കേരള മാപ്പിള കലാ അക്കാദമി സംഘടിപ്പിച്ച ‘പാട്ടും പാട്ടറിവും’ മെഗാ ഇവൻ്റിൽ കോൽക്കളിയുടെ തനിമ ചോരാതെ അവതരിപ്പിച്ച പ്രകടനം സദസ്സിനെ വിസ്മയിപ്പിച്ചു. വളരെ പതുക്കെയായിരുന്നു തുടക്കം. എന്നാൽ, നിമിഷങ്ങൾക്കകം താളം മുറുകി. മിന്നൽ വേഗത്തിൽ മറിഞ്ഞും തിരിഞ്ഞും ചുവടുവെച്ച കലാകാരന്മാരുടെ കൈകളിലെ കോലുകളുടെ ശബ്ദത്തിന് കനമേറിയപ്പോൾ, സദസ്സ് ആവേശത്തിലായി. ഒടുവിലൊരു കൂട്ടപ്പൊരിച്ചിലിന്റെ ഭംഗിയിൽ കോലുകൾ നിശ്ചലമായപ്പോൾ, ഒരു കനത്ത ഇടിയും മഴയും പെയ്തൊഴിഞ്ഞ പ്രതീതി.
സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ കണ്ട അതേ മെയ്‌വഴക്കം കടലിനിക്കരെയും എടരിക്കോടിനുണ്ടെന്ന് ആ ഗ്രാമത്തിലെ പ്രവാസി കലാകാരന്മാർ ഒരിക്കൽ കൂടി തെളിയിച്ചു. കോൽക്കളി രംഗത്തെ അതികായന്മാരായ എടരിക്കോടിൻ്റെ ഈ പ്രകടനം ഷാർജ സഫാരി മാളിൽ നടന്ന ‘പാട്ടും പാട്ടറിവും’ എന്ന മെഗാ ഇവൻ്റിനാണ് വിസ്മയം പകർന്നത്.

കഴിഞ്ഞ 17 വർഷമായി പ്രവാസ ലോകത്ത് കോൽക്കളിയെ സജീവമാക്കി നിർത്തിയതിന് ചടങ്ങിൽ വെച്ച് എടരിക്കോട് സംഘത്തെ ആദരിച്ചു. ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്സ് യു.എ.ഇ, ഒമാൻ ഡെപ്യൂട്ടി ജനറൽ മാനേജർ സിറാജുദ്ദീൻ മുസ്തഫ എടരിക്കോട് ടീമിന് മൊമന്റോ സമ്മാനിച്ചു.
സബീബ് എടരിക്കോട്, ആസിഫ്, മഹറൂഫ്, നിസാം, ആസിഫ് കോട്ടക്കൽ, ആരിഫ്, ഇഹ്സാൻ, ഫാരിസ് അബൂബക്കർ, ഫാസിൽ, അജ്മൽ, മുർഷിദ്, ഷംനാദ്, ഫാദിൽ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയ സംഘത്തിൽ ഉണ്ടായിരുന്നത്

പ്രവാസ ലോകത്ത് തനത് കോൽക്കളിയെ പ്രചാരപ്പെടുത്തിയതിനും ഈ രംഗത്തെ മികച്ച സംഭാവനകൾക്കും കോൽക്കളി ആചാര്യൻ ടി. പി. ആലിക്കുട്ടി ഗുരുക്കളുടെ പേരിലുള്ള ‘കലാ കാന്തി പുരസ്‌കാരം’ ചടങ്ങിൽ വെച്ച് കലാകാരൻ അസീസ് മണമ്മലിന് സമ്മാനിച്ചു.കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ പ്രസിഡണ്ട് ബഷീർ ബെല്ലോ, ജനറൽ സെക്രട്ടറി ഒ. ബി. എം ഷാജി കാസറഗോഡ്, ട്രഷറർ പി. കെ. സി. ഷംസുദ്ദീൻ പെരുമ്പട്ട, ഓർഗനൈസിങ് സെക്രട്ടറി മിസ്ഹബ് പടന്ന, പ്രോഗ്രാം കോഡിനേറ്റർ യാസ്ക് ഹസ്സൻ, വൈസ് പ്രസിഡന്റുമാരായ തസ്‌നീം അഹ്‌മദ് എളേറ്റിൽ, നിസാർ കളത്തിൽ, ഷമീം ചെറിയമുണ്ടം, സജീർ വിലാദപുരം, സഹീർ വെങ്ങളം, ജോയിന്റ് സെക്രട്ടറിമാരായ ഹസീന മഹമൂദ്, അൻസിയ അനസ്, റിയാസ് ഹിഖ്മ, ഹുസൈനാർ എടച്ചാക്കൈ, ഗഫൂർ കുന്നിക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

