ബുക്ക് മൈ ഷോയില്‍ ട്രെന്റിങായി കളങ്കാവല്‍

കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടി ചിത്രം ‘കളങ്കാവൽ’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് രാവിലെ 11.11ന് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ തന്നെ ‘കളങ്കാവലിന്’ ബുക്ക് മൈ ഷോയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

മമ്മൂട്ടി ചിത്രം ഒരിടവേളയ്ക്ക് ശേഷം എത്തുന്നതും, ചിത്രത്തിൽ അദ്ദേഹം വില്ലൻ വേഷം ചെയ്യുന്നതുൾപ്പെടെയുള്ള പ്രത്യേകതകൾ കാരണം ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. അവരുടെ ആവേശമാണ് ബുക്കിംഗിലെ ഈ തിരക്കിൽ പ്രതിഫലിക്കുന്നത്. ബുക്ക് മൈ ഷോയ്ക്ക് പുറമെ ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് ആപ്പുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ബുക്ക് മൈ ഷോയിൽ മാത്രം ഇതിനോടകം 10,000 ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. റിലീസിന് മുന്നോടിയായുള്ള പ്രീ-റിലീസ് ടീസർ ഇന്ന് വൈകുന്നേരം 7:30ന് പുറത്തിറങ്ങും. കൊച്ചിയിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിൽ മമ്മൂട്ടിയും ചിത്രത്തിലെ 23 നായികമാരും പങ്കെടുക്കും. കുപ്രസിദ്ധ സീരിയൽ കില്ലറായ സയനൈഡ് മോഹന്റെ കഥയാണ് ‘കളങ്കാവൽ’ പറയുന്നതെന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ, ഇത് സയനൈഡ് മോഹന്റെ കഥയല്ലെന്നും, അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടാകാമെന്നുമാണ് മമ്മൂട്ടി വ്യക്തമാക്കിയത്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ് ‘കളങ്കാവൽ’. വേഫേറർ ഫിലിംസ് ആണ് വിതരണം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. മമ്മൂട്ടിക്കൊപ്പം വിനായകൻ ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രജിഷ വിജയൻ, ജിബിൻ ഗോപിനാഥ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply