ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സംഘടിപ്പിച്ച സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന് (ജിഡിആർഎഫ്എ) മികച്ച വിജയം .അബുദാബിയിലെ ഹുദൈരിയത്ത് നടന്ന മത്സരത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ പ്രകടനമാണ് ജിഡിആർഎഫ്എ നടത്തിയത്
ഏറെ ആവേശകരമായ 40 കിലോമീറ്റർ പുരുഷ വിഭാഗം റേസിൽ, ആദ്യ മൂന്ന് സ്ഥാനങ്ങളും സ്വന്തമാക്കി ജനറൽ ഡയറക്ടറേറ്റ് മികച്ച നേട്ടം കൈവരിച്ചു. ഏറെ കനത്ത മത്സരത്തിൽ അഹമ്മദ് അൽ മൻസൂരിയാണ് ഒന്നാമനായി ഫിനിഷ് ചെയ്തത്.തൊട്ടുപിന്നാലെ കിറിൽ മില്ലർ രണ്ടാം സ്ഥാനവും അബ്ദുൽ അസീസ് അൽ ഹജ്‌രി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് മെഡലുകളും ഒരേ ടീം തന്നെ പങ്കിട്ടെടുത്തത് ടൂർണമെന്റിലെ ശ്രദ്ധേയമായ കാഴ്ചയായി.പുരുഷന്മാർക്ക് പിന്നാലെ വനിതാ വിഭാഗത്തിലും ജിഡിആർഎഫ്എ ദുബായ് തങ്ങളുടെ മേൽക്കോയ്മ നിലനിർത്തി. ടീമിനായി മാഡി ബ്ലാക്ക് ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ സ്വന്തമാക്കി. കായികക്ഷമതയിലും വേഗതയിലും മികച്ചുനിന്ന മാഡി ബ്ലാക്കിന്റെ പ്രകടനം ടീമിന്റെ വിജയത്തിളക്കം ഇരട്ടിയാക്കി.

ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ ഐസിപിയിലെ ഉന്നത ഉദ്യോഗസ്ഥർ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.ഉദ്യോഗസ്ഥർക്കിടയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത്തരം മത്സരങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

വിജയികളായ ജി ഡി ആർ എഫ് എ ടീം അംഗങ്ങളെ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പ്രത്യേകം അഭിനന്ദിച്ചു. “ഈ വിജയം കേവലം ഒരു കായിക നേട്ടങ്ങൾക്ക് അപ്പുറം ഉദ്യോഗസ്ഥരുടെ അച്ചടക്കത്തിന്റെയും കഠിനമായ പരിശീലനത്തിന്റെയും ഫലമാണ് ഈ വിജയം. പ്രൊഫഷണൽ രംഗത്തെപ്പോലെ തന്നെ കായിക രംഗത്തും മികവ് പുലർത്താൻ ജിഡിആർഎഫ്എ പ്രതിജ്ഞാബദ്ധമാണെന്ന് ഈ നേട്ടം അടിവരയിടുന്നു,” അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

