ശ്രീനാഥ് ഭാസിയും പ്രവീണും പ്രധാന വേഷങ്ങളിലെത്തുന്ന ‘കറക്കം’ എന്ന സിനിമയിലെ ആദ്യ ഗാനമായ ‘യക്ഷിയേ ചിരി’യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ക്രൗൺ സ്റ്റാർസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി എന്ന വിശേഷണത്തോടെയാണ് എത്തുന്നത്. ഭയവും തമാശയും ഒരേപോലെ കോർത്തിണക്കിയ ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ് പുറത്തിറങ്ങിയ പുതിയ ഗാനം.
പ്രശസ്ത സംഗീത സംവിധായകൻ സാം സി.എസ് ആണ് ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ‘യക്ഷിയേ ചിരി’ ആലപിച്ചിരിക്കുന്നതും. ഹൊറർ കോമഡി വിഭാഗത്തിലായതിനാൽ സംഗീതത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്താൻ ഈ ചിത്രം അവസരം നൽകിയെന്ന് സാം സി.എസ് പറഞ്ഞു. ശ്രദ്ധേയനായ ഗാനരചയിതാവ് മുഹ്സിൻ പരാരിയാണ് വരികൾ എഴുതിയിരിക്കുന്നത്. ഗാനത്തിലെ രസകരമായ വരികൾ സിനിമയുടെ വേറിട്ട പ്രമേയത്തിന് കൂടുതൽ മിഴിവേകുന്നു.
പ്രമുഖ മ്യൂസിക് ലേബലായ ടീ സീരീസ് ആണ് ചിത്രത്തിന്റെ സംഗീതാവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസിക്ക് പുറമെ ഫെമിന ജോർജ്, ഷോൺ റോമി, സിദ്ധാർഥ് ഭരതൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീതത്തിന് പ്രാധാന്യമുള്ള ഈ ഹൊറർ ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവം നൽകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

