‘ഫ്രണ്ട്സ്’ (Friends) എന്ന പ്രശസ്ത വെബ് സീരീസിലെ ചാൻഡ്ലർ ബിങ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ നേടിയെടുത്ത താരം മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ, താരത്തിന് കെറ്റാമൈൻ എന്ന മയക്കുമരുന്ന് വിറ്റ ഡോക്ടർക്ക് ഫെഡറൽ കോടതി 2.5 വർഷം തടവ് ശിക്ഷ വിധിച്ചു. 44-കാരനായ ഡോ. സാൽവദോർ പ്ലാസെൻഷ്യക്കാണ് കോടതി തടവും 5600 ഡോളർ പിഴയും വിധിച്ചത്. നിങ്ങളുടെ ലാഭത്തിനുവേണ്ടി പെറിയുടെ അഡിക്ഷനെ ഉപയോഗിച്ചു എന്നും കെറ്റാമൈനോടുള്ള അടിമത്തം താരത്തിൽ വളർത്തുന്നതിൽ നിങ്ങളും പങ്കാളിയായി എന്നും കോടതി പ്രതിയോട് പറഞ്ഞു.
വർഷങ്ങളായി മയക്കുമരുന്നിന് അടിമയായിരുന്ന മാത്യു പെറി, 2023-ൽ 54-ാം വയസ്സിലാണ് കെറ്റാമൈനിന്റെ അമിതോപയോഗം മൂലം മരണപ്പെട്ടത്. സാധാരണയായി സർജിക്കൽ അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന കെറ്റാമൈൻ, വിഷാദരോഗത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് മാത്യു പെറി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് അദ്ദേഹം അതിന് അടിമയായി മാറുകയായിരുന്നു. തുടർ ചികിത്സ നൽകിയിരുന്ന ഡോക്ടർ അമിതമായ അളവിൽ മരുന്ന് നൽകാൻ വിസമ്മതിച്ചതോടെയാണ് പെറി ഡോ. പ്ലാസെൻഷ്യയെ സമീപിച്ചത്.
2023 ഒക്ടോബറിൽ, വീട്ടിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ച നിലയിലാണ് പെറിയെ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ കെറ്റാമൈനിന്റെ അമിതോപയോഗമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ഈ കേസിൽ അഞ്ച് പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ശിക്ഷ പ്രഖ്യാപിച്ചതിനുശേഷം ഡോക്ടർ പ്ലാസെൻഷ്യ മാത്യു പെറിയുടെ കുടുംബത്തോട് മാപ്പപേക്ഷിക്കുകയും, താൻ അദ്ദേഹത്തെ സംരക്ഷിക്കേണ്ടതായിരുന്നുവെന്ന് പറയുകയും ചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

