വീണ്ടും വനിതാ സംവിധായിക, ഞാന്‍ കര്‍ണ്ണന്‍ പ്രേക്ഷകരിലേക്ക്

ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥ പറയുന്ന പുതിയ ചിത്രം ഞാന്‍ കര്‍ണ്ണന്‍ റിലീസിനൊരുങ്ങി. ചലച്ചിത്രസീരിയല്‍ താരവും അധ്യാപികയുമായ ശ്രീചിത്ര പ്രദീപ് മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ഞാന്‍ കര്‍ണ്ണന്‍.
ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മിക്കുന്നത്. മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി. അപ്പനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്. കൊച്ചിയിലെ കെ സ്റ്റുഡിയോയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഉടനെ ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും.
അപ്പന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായിക പറഞ്ഞു. സത്യസന്ധനും നിഷ്‌ക്കളങ്കനുമായ ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബത്തില്‍ നിന്ന് പോലും ഒറ്റപ്പെട്ട് ഏകാകിയായിത്തീരുന്ന ഒരാളുടെ അലച്ചില്‍ ഈ ചിത്രം പങ്കുവെയ്ക്കുന്നുണ്ട്. കുടുംബജീവിതത്തിലും ദാമ്പത്യ ബന്ധങ്ങളിലും വന്നുചേരുന്ന പൊരുത്തക്കേടുകളും ഈ ചിത്രം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് സംവിധായിക പറഞ്ഞു.