5 രൂപയ്ക്ക് പൊറോട്ട വിൽക്കുന്ന തന്റെ ആരാധകന് സ്വർണമാല സമ്മാനിച്ച് രജനി

വർഷങ്ങളായി മധുരയിൽ ചെറിയ ചായക്കട നടത്തുകയാണ് കടുത്ത രജനി ആരാധകനായ രജനി ശേഖർ. ചെറിയ വിലയിൽ സാധനങ്ങൾ വിൽക്കുന്ന ശേഖറിന്റെ കടയിൽ കാലങ്ങളായി അഞ്ച് രൂപയ്ക്കാണ് പൊറോട്ട നൽകുന്നത്. കഴിഞ്ഞ ദിവസം തന്റെ ഇഷ്ട താരം നേരിട്ട് വീട്ടിലേക്ക് വിളിപ്പിച്ചപ്പോൾ എന്തായിരിക്കും കാര്യമെന്ന് ശേഖറിന് അറിയില്ലായിരുന്നു. സ്വർണമാലയും സമ്മാനങ്ങളുമാണ് തന്റെ ആരാധകന് രജനികാന്ത് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രജനികാന്തിന്റെ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പമെത്തിയാണ് ശേഖർ തന്റെ ഇഷ്ടതാരമായ രജനികാന്തിനെ കണ്ടത്.

അതേസമയം നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ആണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം. രജനിക്കൊപ്പം വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിൽ മാത്യു എന്ന കഥാപാത്രമായെത്തിയ മോഹൻലാൽ രണ്ടാം ഭാഗത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാൻ രജനിക്കൊപ്പം കൈകോർക്കുന്നുവെന്നും അപ്‌ഡേറ്റുകൾ പുറത്തുവന്നിരുന്നു. ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ഷാരൂഖിന്റെ കാര്യം വെളിപ്പെടുത്തിയത്.

Leave a Reply