മുപ്പതാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ആഫ്രിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക്. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്.
ആഫ്രിക്കന്‍ ചലച്ചിത്ര ലോകത്തെ, പ്രത്യേകിച്ചും പശ്ചിമാഫ്രിക്കന്‍ സിനിമയുടെ, പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്നാണ് അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോ. 2015ല്‍ അദ്ദേഹത്തിന്റെ വിഖ്യാതചിത്രം ടിംബുക്തു കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഈ ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും, ഫ്രാന്‍സിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ സീസര്‍ അവാര്‍ഡില്‍ മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. 2007ല്‍ നടന്ന 60-ാമത് കാന്‍ ചലച്ചിത്രമേളയില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ട്രോഫി, 2012ലെ കാന്‍ മേളയില്‍ പ്രത്യേക പുരസ്‌കാരം എന്നിവ സിസ്സാക്കോയ്ക്ക് ലഭിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കുടിയേറ്റം, ആധുനികതയുടെ പ്രതിസന്ധികള്‍, പാശ്ചാത്യ-ആഫ്രിക്കന്‍ സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലുകള്‍, മതതീവ്രവാദത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍, ദാരിദ്ര്യം, പ്രതീക്ഷ എന്നിവയെല്ലാം അരനൂറ്റാണ്ടിനടുത്ത് നീണ്ട കരിയറില്‍ സിസ്സാക്കോയുടെ സിനിമകളുടെ മുഖ്യപ്രമേയങ്ങളായി. സൗന്ദര്യാത്മകതയുടെയും ശക്തമായ സാമൂഹിക പ്രമേയങ്ങളുടെയും സമന്വയമാണ് സിസ്സാക്കോയുടെ ചിത്രങ്ങള്‍. മനുഷ്യന്റെ അന്തസ്സും ചെറുത്തുനില്‍പ്പും അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ പകര്‍ന്നുനല്‍കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

