ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ അവര്‍ പല മാര്‍​ഗവും സ്വീകരിക്കും: സംവിധായകന്‍ വിനയൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത കേസുമായി ബന്ധമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. ഹര്‍ജിക്കാരനായ നിര്‍മാതാവ് സജിമോന്‍ പാറയില്‍ അസോസിയേഷനില്‍ അംഗമല്ലെന്നും അദ്ദേഹം അറിയിച്ചു.റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേചെയ്ത ഹൈക്കോടതി വിധി നിരാശാജനകമെന്ന് സിനിമയിലെ വനിതാപ്രവര്‍ത്തകക്കൂട്ടായ്മയായ ഡബ്ല്യു.സി.സി. അംഗം രേവതി പ്രതികരിച്ചു.

മലയാളസിനിമയിലെ ആരൊക്കയോ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ ഭയക്കുന്നതിന്റെ തെളിവാണ് ഹൈക്കോടതിയില്‍നിന്ന് നേടിയെടുത്ത സ്റ്റേ എന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. സിനിമയില്‍ തങ്ങളുടെ ആധിപത്യം കൈവിട്ടുപോകരുതെന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നുണ്ട്. അതിന് അവര്‍ പല മാര്‍​ഗവും സ്വീകരിക്കും. റിപ്പോര്‍ട്ട് പുറത്തുവരാത്തതിന് പിന്നില്‍ ചിലരുടെ ഭയമാണ്. കുറച്ചുപേരുടെ അപ്രമാദിത്യം മലയാള സിനിമയില്‍ നിലനില്‍ക്കട്ടെ എന്ന് സര്‍ക്കാരും കോടതിയും ചിന്തിക്കുന്നുവെങ്കില്‍ സാധാരണ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു രക്ഷയില്ല- വിനയന്‍ കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന ഭാഗം ഒഴിവാക്കി റിപ്പോര്‍ട്ട് നല്‍കിയാലും മൊഴിനല്‍കിയവരെ തിരിച്ചറിയാന്‍ ഇടയാക്കുമെന്ന വാദമാണ് സജിമോന്‍ പാറയില്‍ ഉന്നയിച്ചത്. എന്നാല്‍, ഹര്‍ജിക്കാരന്‍ മറ്റാര്‍ക്കോവേണ്ടിയാണ് സംസാരിക്കുന്നതെന്ന് വിവരാവകാശ കമ്മിഷന്റെ അഭിഭാഷകന്‍ എ. അജയ് വാദിച്ചു. മൊഴിനല്‍കിയവര്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെ എതിര്‍ത്തിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവരുന്നത് ഹര്‍ജിക്കാരനെ എങ്ങനെയാണ് ബാധിക്കുകയെന്ന് വ്യക്തമാക്കണമെന്നും വാദിച്ചു. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാരും വാദിച്ചു.

ഹര്‍ജി ചൊവ്വാഴ്ച ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കുവന്നിരുന്നു. എന്നാല്‍, പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കാനാകില്ലെന്ന് രജിസ്ട്രി ചൂണ്ടിക്കാട്ടി. എന്നാല്‍, വിഷയം തന്നെയും ബാധിക്കുന്നതാണെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കുവന്നത്. അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹര്‍ജിക്കാരനായി ഹാജരായി. സര്‍ക്കാരിനടക്കം നോട്ടീസിന് നിര്‍ദേശിച്ച കോടതി ഹര്‍ജി 31-ന് പരിഗണിക്കാന്‍ മാറ്റി. 2019-ല്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറിയിരുന്നെങ്കിലും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ അടക്കം നല്‍കിയ അപേക്ഷയിലാണ് സ്വകാര്യതയിലേക്കു കടക്കുന്ന ഭാഗം ഒഴിവാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply