സുസ്മിത വീണ്ടും ക്യാമറയുടെ മുന്നിലേക്ക്

ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വിശ്വസുന്ദരി സുസ്മിത സെന്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നു. ലോകമെമ്പാടും ആരാധകരുള്ള താരമാണ് സുസ്മിത. ഒരു കാലത്തു വെള്ളിത്തിരയില്‍ സജീവമായിരുന്നെങ്കിലും ഇടവേളകളെടുക്കുകയായിരുന്നു. അടുത്തിടെ അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. പ്രേക്ഷക ശ്രദ്ധ നേടിയ ആര്യ എന്ന വെബ് സീരിസിന്റെ മൂന്നാം പതിപ്പില്‍ അഭിനയിക്കുന്നതിനിടെയാണ് സുസ്മിതയ്ക്കു ഹൃദയാഘാതം ഉണ്ടാകുന്നത്. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയായി ക്യാമറയ്ക്കു മുന്നിലെത്തുകയാണ് താരം.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരീസ് ആര്യയുടെ മൂന്നാം സീസണിന്റെ ചിത്രീകരണത്തിനായി രാജസ്ഥാനില്‍ എത്തിയപ്പോഴായിരുന്നു സുസ്മിത സെന്നിനു ഹൃദയാഘാതമുണ്ടായത്. ഇരട്ടി ശക്തിയോടെ… എന്ന കുറിപ്പോടെ താരം ആര്യ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനായി സെറ്റിലെത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് സുസ്മിതയുടെ തിരിച്ച് വരവ് അറിയിച്ച് സീരിസിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്.

ഇരു കൈകളിലും വാള്‍ ചുഴറ്റിയാണ് വീഡിയോയില്‍ സുസ്മിത എത്തിയിരിക്കുന്നത്. ആര്യയുടെ ജീവിതത്തിലെ മൂന്നാമത്തെ അധ്യായത്തിലൂടെ, നിര്‍ഭയയായ അമ്മയായും മകളായും ഒരു സ്ത്രീയായും മാറുമ്പോള്‍ പ്രേക്ഷകര്‍ അവളെ ഒരു പുതിയ ആക്ഷന്‍ അവതാരമായിട്ടാകും കാണുന്നതെന്ന് സുസ്മിത.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply