സംവിധായകൻ രാമസിംഹൻ അബൂബക്കർ(അലി അക്ബർ) ബി.ജെ.പിയിൽ നിന്നും രാജിവച്ചു. ഫേസ്ബുക്കിലൂടെയാണ് പാർട്ടി ബന്ധം പൂർണമായി ഉപേക്ഷിച്ചതായി രാമസിംഹൻ വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു.
”പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ.. ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ…. എല്ലാത്തിൽ നിന്നും മോചിതനായി..ഒന്നിൻറെ കൂടെമാത്രം,ധർമ്മത്തോടൊപ്പം ??ഹരി ഓം..” രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകൻ രാജസേനനും നടൻ ഭീമൻ രഘുവും ഈയിടെ ബി.ജെ.പി വിട്ടിരുന്നു. കലാരംഗത്ത് പ്രവർത്തിക്കാൻ ബി.ജെ.പി അവസരം തന്നില്ലെന്നും താൻ പഴയ സി.പി.എമ്മുകാരനാണെന്നുമാണ് രാജസേനൻ പറഞ്ഞത്. ഭീമൻ രഘുവും സി.പി.എമ്മിലേക്കാണ് ചേക്കേറുന്നത്. മനസു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിൽ നിന്നുണ്ടായി എന്നും തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയെന്നും താരം പറഞ്ഞിരുന്നു.
രാമസിംഹൻറെ കുറിപ്പ്
ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കലഹത്തിനും, കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല, പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി.. ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല.. രാജി വച്ചിട്ട് കുറച്ചു ദിവസമായി..ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ… ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ… കലഹിക്കേണ്ടപ്പോൾ മുഖം നോക്കാതെ കലഹിക്കാലോ… സസ്‌നേഹം, രാമസിംഹൻ
ഹരി ഓം
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

