ദേശീയപുരസ്‌കാര ജേതാവായ തമിഴ്സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ നടന്ന മോഷണത്തിൽ സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേ സംഭവത്തിൽ പുതിയൊരു വഴിത്തിരിവ്. കവർച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്‌കാരം മാത്രം തിരിച്ചുനൽകിയിരിക്കുകയാണ് മോഷ്ടാക്കൾ.
കഴിഞ്ഞദിവസമാണ് മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയിൽനിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളും മോഷണം പോയത്. ഇതിലെ ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കൾ കഴിഞ്ഞദിവസം രാത്രി തിരികെ നൽകിയത്. പോളിത്തീൻ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളിൽ വെയ്ക്കുകയായിരുന്നു. ഒരു കത്തും ഇതിനൊപ്പം ഉണ്ടായിരുന്നു. തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങൾ അധ്വാനിച്ച് സമ്പാദിച്ച് നിങ്ങൾക്കുള്ളതാണ് എന്നുമാണ് കത്തിന്റെ ഉള്ളടക്കം. മോഷ്ടാക്കൾ നാടുവിട്ടതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മണികണ്ഠന്റെ ഉസലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേൽനോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്. മോഷ്ടാക്കൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
2014-ൽ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠൻ. 2022-ൽ പുറത്തിറങ്ങിയ കടൈസി വിവസായിയാണ് ഇദ്ദേഹം സംവിധാനംചെയ്ത് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തമിഴിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

