വ്യത്യസ്ത ജോണറുകളിൽ സിനിമ ചെയ്തില്ലെങ്കിൽ ലോക്കായിപ്പോകും; നാദിർഷാ

നടൻ, സംവിധായകൻ, ഗായകൻ, മിമിക്രിതാരം തുടങ്ങിയ മേഖലകളിൽ മിന്നുന്ന താരമാണ് നാദിർഷാ. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന കോമഡി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം. കോമഡി ചിത്രങ്ങൾ മാത്രം ചെയ്തിട്ടുള്ള നാദിർഷായുടെ വ്യത്യസ്തയമായ ചിത്രമാണ് വൺസ് അപ് ഓൺ എ ടൈം ഇൻ കൊച്ചി. റാഫിയുടെ സ്‌ക്രിപ്റ്റിൽ നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ത്രില്ലർ കോമഡിയാണിത്.

മുഴുനീളെ കോമഡി എന്ന മുൻ ചിത്രങ്ങളിൽനിന്നു വ്യത്യസ്തമാണ് പുതിയ ചിത്രം. അതേക്കുറിച്ച് നാദിർഷാ സംസാരിക്കുന്നു-

‘തുടരെത്തുടരെ ഹ്യൂമറാണെന്നു തെറ്റിദ്ധാരണ വേണ്ട. പക്ഷേ, പക്കാ എന്റർടെയ്നറാണ് വൺസ് അപ് ഓൺ എ ടൈം ഇൻ കൊച്ചി. കട്ടപ്പനയിലെ ഹൃത്വിക് റോഷനൊക്കെ ആദ്യം തൊട്ട് അവസാനം വരെ ചിരിപ്പിച്ച സിനിമകളാണ്. പക്ഷേ, ഇതിൽ ആദ്യാവസാനം ചിരിപ്പിക്കുന്ന പരിപാടിയല്ല. നമ്മളെ ആകാക്ഷയിൽ കൊണ്ടുപോകുന്നതിനിടയിൽ ചെറിയ തമാശകളുടെ നുറുങ്ങുകളുമുണ്ടാവും.

കൊച്ചിയെന്നു പേരിട്ടെന്നേയുള്ളൂ. ഇന്ത്യയിൽ പല പട്ടണങ്ങളിലും നടക്കുന്ന സംഭവങ്ങളാണു സിനിമ പറയുന്നത്. ആദ്യം സംഭവം നടന്ന രാത്രിയിൽ എന്നായിരുന്നു സിനിമയുടെ പേര്. അതുമായി സാദൃശ്യമുള്ള പേരുകൾ വന്നപ്പോൾ പുതിയ പേരിട്ടതാണ്.

വ്യത്യസ്ത ജോണറുകളിൽ സിനിമ ചെയ്തില്ലെങ്കിൽ നമ്മൾ ലോക്കായിപ്പോകും. സ്ഥിരം തമാശചിത്രങ്ങൾ മാത്രമായാൽ അതിൽനിന്നു മാറിച്ചിന്തിച്ചു വേറൊരു സിനിമ ചെയ്യാൻ പറ്റാതെവരും. കാസറ്റും മിമിക്രിയും ചെയ്തുവന്നതിന്റെ പേരിൽ എനിക്കൊരു ഇമേജ് കിടപ്പുണ്ട്. ഒരു ദിവസം അതു പെട്ടെന്നു ബ്രേക്ക് ചെയ്തുപോരാനാവില്ല. പക്ഷേ, ഇത്തരം സിനിമകളും ചെയ്തുനോക്കും. അതും സക്സസ് ആകുമോ എന്നറിയേണ്ടേ’. നാദിർഷാ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply