ചൈനയിലെ വിദ്യാര്‍ഥികള്‍ അത്ഭുതകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നു. മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന കോട്ട്! പൂര്‍ണമായും അപ്രത്യക്ഷനാക്കുകയല്ല, കോട്ട് ചെയ്യുന്നത്. സുരക്ഷാക്യാമറകളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന സാങ്കേതികവിദ്യയാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ നിന്നാണ് മനുഷ്യനെ അപ്രത്യക്ഷമാക്കാന്‍ പുതിയ കണ്ടുപിടിത്തം സഹായിക്കുന്നത്.
ഈ കണ്ടുപിടിത്തം വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതു തീര്‍ച്ചയാണ്. കുറ്റവാളികളും കള്ളന്മാരും ഇത്തരം കണ്ടുപിടിത്തങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അന്വേഷണ ഏജന്‍സികള്‍ അക്ഷരാര്‍ഥത്തില്‍ വട്ടംകറങ്ങുമെന്നുള്ളതു തീര്‍ച്ച! ചൈനയില്‍ നടന്ന ക്രിയേറ്റീവ് മത്സരത്തില്‍ ഇന്‍വിസ് ഡിഫന്‍സ് കോട്ട് എന്നു വിളിക്കുന്ന വാനിഷിങ് കോട്ട് ശ്രദ്ധിക്കപ്പെടുകയുണ്ടായി.
വാനിഷിങ് കോട്ട്, പാറ്റേണുകളിലൂടെ മെഷീന്‍ വിഷന്‍ തിരിച്ചറിയല്‍ അല്‍ഗോരിതം ഒഴിവാക്കുന്നു. രാത്രികാലങ്ങളില്‍ താപനില കണ്ടെത്തുന്ന മൊഡ്യൂളില്‍ കൃത്രിമം കാണിച്ച് ഇന്‍ഫ്രാറെഡ് ക്യാമറയെ ആശയക്കുഴപ്പത്തിലാക്കും. ക്യാമറാക്കണ്ണുകളെ അന്ധമാക്കാന്‍ നാലു താപനില നിയന്ത്രണ മൊഡ്യൂളുകള്‍ ഉപയോഗിച്ചിട്ടുണ്ട്. കുറഞ്ഞ നിര്‍മാണച്ചെലവാണ് കോട്ടിന്റെ മറ്റൊരു പ്രത്യേകത. സേനയ്ക്ക് ഈ കോട്ട് ഉപയോഗപ്രദമാണെന്നാണ് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നത്.കണ്ടുപിടിത്തം എന്തായാലും സാധാരണക്കാരിലേക്ക് ഈ കോട്ട് എത്തില്ല. ഭരണകൂടങ്ങള്‍ ഈ കോട്ട് നിരോധിക്കുമെന്ന് ഉറപ്പാണ്. സുരക്ഷ തന്നെ കാരണം!
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

