വാനമ്പാടി എന്ന ടെലിവിഷൻ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായർ എന്ന അഭിനേത്രിയെ മലയാളി പ്രേക്ഷകർ ഓർത്തിരിക്കാൻ. ആ പരമ്പരയും സുചിത്രയുടെ കഥാപാത്രവും പ്രേക്ഷകമനസ് കീഴടക്കിയിരുന്നു. ഇപ്പോൾ മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ സിനിമയിൽ സജീവമാകുകയാണ് സുചിത്ര.
വാലിബൻ എന്ന ചിത്രത്തിനുശേഷം താൻ നേരിട്ട ചില ആക്ഷേപങ്ങൾക്കു മറുപടി പറയുകയാണ് താരം.
‘ബിഗ്ബോസിൽ എന്നെ കണ്ടിട്ടുള്ളതിനാൽ ഞാൻ ആദ്യം കരുതിയത് ഈ കഥാപാത്രം ചെയ്യാൻ ലാലേട്ടനാവും എന്നെ വിളിക്കാൻ സംവിധായകൻ ലിജോ സാറിനോടു പറഞ്ഞതെന്നാണ്. എന്നാൽ, സെറ്റിൽ ചെന്നപ്പോഴാണ് ലിജോ സാർ ബിഗ് ബോസ് കാണുമായിരുന്നെന്നും അദ്ദേഹമാണ് ഈ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്നെ തീരുമാനിച്ചതെന്നും അറിയുന്നത്.
ലൊക്കേഷനിൽ എന്നെ പരിചയമുള്ളതുപോലെയാണ് ലാലേട്ടൻ സംസാരിച്ചതും പെരുമാറിയതും. ഞാൻ ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്. ഇത്രയും വലിയൊരു നടനൊപ്പമാണ് അഭിനയിക്കുന്നതെന്ന ടെൻഷൻ എല്ലാ അഭിനേതാക്കൾക്കുമുണ്ടാകും, പ്രത്യേകിച്ചു പുതുമുഖങ്ങൾക്ക്. തെറ്റിപ്പോയിട്ടോ മറ്റോ റീടേക്ക് എടുക്കേണ്ടി വന്നാൽ അദ്ദേഹത്തിനു മുഷിച്ചിലുണ്ടാകുമോ എന്നൊക്കെയുള്ള ചിന്ത മനസിലുണ്ടാകും. എന്നാൽ, കൂടെ അഭിനയിക്കുന്ന എല്ലാവരെയും വളരെ കംഫർട്ടബിളാക്കി മാറ്റാനുള്ള കഴിവ് ലാലേട്ടനുണ്ട്.
ലിജോ സർ അദ്ദേഹത്തിന്റെ സിനിമയിൽ സീരിയൽ നടിയെ അഭിനയിപ്പിച്ചു എന്നു ചിലർ വിമർശനം ഉന്നയിച്ചതായി ഞാനും കേട്ടു. പക്ഷേ, അദ്ദേഹത്തിന് അങ്ങനെയൊരു ഫീൽ ഇല്ല. പിന്നെ ഞാൻ സീരിയൽ അഭിനയം നിർത്തിയിട്ട് മൂന്നു നാലു വർഷം കഴിഞ്ഞു. ഒരു സീരിയലിൽ ചേർന്നാൽ അതിനായി മൂന്നു നാലു വർഷം മാറ്റിവയ്ക്കണം. ഇപ്പോൾ എനിക്കു വരുന്നതു കൂടുതലും സിനിമകളാണ്. കുറച്ചു നല്ല സിനിമകൾ ചെയ്യാമെന്നാണു കരുതുന്നത്. സിനിമയിൽനിന്നു സീരിയലിലേക്കു വരുന്നതിനു തടസമില്ല. സീരിയലിൽനിന്നു സിനിമയിലേക്കു വരുന്നതിനാണ് തടസങ്ങൾ.’ സുചിത്ര നായർ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

