എൺപതുകളിലെ റൊമാൻറിക് ഹീറോയാണ് ആരാധകർ സ്‌നേഹത്തോടെ ശങ്കർ എന്നു വിളിക്കുന്ന ശങ്കർ പണിക്കർ. 1980 കാലഘട്ടം ശങ്കർ എന്ന നടൻറെ കൈകളിലായിരുന്നു. അക്കാലത്തെ യൂത്ത് സ്റ്റാർ. ഒരു തലൈ രാഗം (1980) എന്ന തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച മലയാളിയായ ശങ്കർ അതേ വർഷംതന്നെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിലും നായകനായെത്തി.
മോഹൻലാൽ ആയിരുന്നു ഈ സിനിമയിൽ വില്ലൻ വേഷത്തിലെത്തിയത്. തമിഴിലെയും മലയാളത്തിലെയും ആദ്യചിത്രങ്ങൾ വൻ വിജയമായതോടെ താരപദവിയിലെത്തിയ ശങ്കർ അന്നു മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും കൂടെ ഒട്ടനവധി സിനിമകളിൽ നായകവേഷത്തിൽ തിളങ്ങി. പ്രിയദർശൻ സംവിധാനം ചെയ്ത ആദ്യചിത്രം പൂച്ചക്കൊരു മൂക്കൂത്തിയിലും ശങ്കർ ആയിരുന്നു നായകൻ.
തൻറെ കരിയറിൽ സംഭവിച്ച വീഴ്ചകൾ അഭിമുഖത്തിൽ ശങ്കർ പങ്കുവയ്ക്കുകയുണ്ടായി
‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ നെഗറ്റീവ് വേഷത്തിൽ വന്നു. പിന്നീടു പതുക്കെ പതുക്കെ അതിൽനിന്ന് അദ്ദേഹം മാറി. എനിക്ക് അപ്പോഴും റൊമാൻറിക് ഇമേജായിരുന്നു. കാരണം ചെയ്തതിൽ കൂടുതൽ അത്തരത്തിലുള്ള സിനിമകളായിരുന്നു. റൊമാൻറിക് ഹീറോ എന്ന പരിവേഷത്തിൽനിന്നു പുറത്തുകടക്കാൻ ചില ബുദ്ധിമുട്ടു വന്നു. അതേസമയം മോഹൻലാൽ പൂച്ചക്കൊരു മൂക്കുത്തി മുതൽ ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തതോടെ അദ്ദേഹത്തിൻറെ കരിയറിൽ ഉയർച്ചയുണ്ടായി.
മേനകയ്‌ക്കൊപ്പമാണ് ഞാൻ ഏറ്റവുമധികം സിനിമകൾ ചെയ്തിട്ടുള്ളത്. മുപ്പതിലധികം സിനിമകളിൽ ഞങ്ങൾ ജോഡികളായി അഭിനയിച്ചു. സിനിമയിൽ റൊമാൻറിക് ജോഡിയായി വരുമ്പോൾ ഇവർ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ചിന്തിക്കും. ശരിക്കും ഞങ്ങൾ രണ്ടും നല്ല സുഹൃത്തുക്കൾ മാത്രമാണ്’ ശങ്കർ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

