പേരിൽ നിന്ന് ജാതി വാല് ഒഴിവാക്കിയത് കൊണ്ട് മാത്രം ജാതി വ്യവസ്ഥ ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഒരാളുടെ ജാതി അറിയാതെ എങ്ങനെയാണ് അയാൾക്കുള്ള ജാതി സംവരണം അറിയാൻ കഴിയുകയെന്നും രഞ്ജി പണിക്കർ ചോദിക്കുന്നു. ഒരു അഭിമുഖത്തിൽ, പേരിൽ നിന്ന് ജാതി കളയുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രഞ്ജി പണിക്കരുടെ വാക്കുകൾ ഇങ്ങനെ;
‘പ്രേമ വിവാഹങ്ങളിൽ അല്ലാതെ നമ്മുടെ സമൂഹം വേറൊരു ജാതിയിൽ ചെന്ന് പെണ്ണാലോചിക്കുകയോ കല്യാണം അന്വേഷിക്കുകയോ ചെയ്യില്ല. ഈഴവരുടെ വീട്ടിൽ പോവാമെന്ന് നായരോ അല്ലാത്ത വിഭാഗങ്ങളിൽ പോവാമെന്ന് വേറെയുള്ള ജാതിക്കാരോ മതക്കാരോ വിചാരിക്കില്ല. ജാതിയിലും മതത്തിലും കൂടുതൽ ആഴ്ന്ന് പോവുന്ന ഒരു സ്ഥിതിയാണ് വന്നുകൊണ്ടിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ നമുക്ക് സംവരണമുണ്ട്.
ഒരാളുടെ ജാതി ചോദിക്കാതെ എങ്ങനെയാണ് അയാൾക്ക് ആ ജാതിയുടെ പേരിലുള്ള സംവരണം കിട്ടുക. ജാതി വ്യവസ്ഥയിൽ അധിഷ്ഠിതമായൊരു സമൂഹത്തിലും വരാനിരിക്കുന്ന കാലങ്ങളിലും ബന്ധപ്പെട്ട് കിടക്കുകയാണ് നമ്മൾ. അതുകൊണ്ട് ഒരാളുടെ പേരിൽ നിന്ന് ജാതി മാറിയാൽ ഇന്ത്യയിലെ ജാതി വ്യവസ്ഥ മാറില്ല. രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ വ്യവസ്ഥ ഈ ജാതിയിലാണ്.
ഏത് മതക്കാരാണ് കൂടുതൽ ഉള്ളതെന്ന് നോക്കി അവിടെ സ്ഥാനാർത്ഥിയായി ഹിന്ദുവിനെയോ മുസ്ലീമിനെയോ ക്രിസ്ത്യാനിയേയോ നിർത്തണോയെന്ന് എല്ലാ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നാണമില്ലാതെ തീരുമാനിക്കുന്ന വ്യവസ്ഥയിലല്ലേ നമ്മൾ ജീവിക്കുന്നത്.
സെൻട്രൽ ട്രാവൻകൂറിൽ ഒരാളെ നിർത്തുമ്പോൾ അവിടുത്തെ മുൻതൂക്കമുള്ള ജാതിയാണ് നോക്കുക. മലപ്പുറത്തേക്ക് പോവുമ്പോൾ വേറൊരു പരിഗണനയാവും ഉണ്ടാവുക. മലബാറിൽ മൊത്തം പരിഗണനകൾക്ക് വലിയ മാറ്റമുണ്ടാകും.
പേരിൽ നിന്ന് ജാതി ഒഴിവാക്കിയിട്ട് ഒരു കാര്യവുമില്ല. പേരിൽ നിന്ന് ഒഴിവാക്കിയാൽ അച്ഛന്റെ പേര് ചോദിക്കും. എന്റെ പേര് രഞ്ജി പണിക്കർ എന്നാണ്. നിങ്ങൾ നായർ പണിക്കരാണോ ഈഴവ പണിക്കാരാണോ എന്ന് ചോദിക്കുന്നവർ ഇല്ലേ? അതുകൊണ്ട് തന്നെ ജാതി അവസാനിക്കുന്നില്ല. പേരിൽ ആരംഭിച്ച് അവസാനിക്കുന്ന ഒന്നല്ല ജാതി. ജാതി എല്ലാവരുടെയും മനസിലാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

