ശ്രീനിവാസന്‍ നടന്‍ മാത്രമല്ല, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. തൊട്ടതെല്ലാം പൊന്നാക്കിയ ചലച്ചിത്രകാരന്‍. അധികാരകേന്ദ്രങ്ങളെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള വ്യക്തി. സിനിമകളെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചുള്ള ഓര്‍മകള്‍ക്കിടയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആദ്യകാല അഭിനയജീവിതത്തെയും കുറിച്ചു പറഞ്ഞു ശ്രീനിവാസന്‍. ശ്രീനിവാസന്റെ വാക്കുകള്‍-
സൗത്ത് ഇന്ത്യയിലെ പ്രൊഡ്യൂസര്‍മാര്‍ നേതൃത്വം കൊടുക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ സംഘടനയാണ് ഫിലിംചേമ്പര്‍. അവരാണ് ഇന്‍സ്റ്റിറ്റിയൂട്ടിനു വേണ്ടി മുതല്‍ മുടക്കിയിരിക്കുന്നത്. അവിടെ രജനീകാന്ത് എന്റെ സീനിയറായി പഠിച്ചിരുന്നു. കോഴ്‌സ് കഴിഞ്ഞ് രജനികാന്ത് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മെമ്പര്‍മാരായ സിനിമാ പ്രവര്‍ത്തകരുടെ പിന്നാലെ ചാന്‍സ് തേടി നിരവധിതവണ നടന്നു. ആരും അയാള്‍ക്ക് അവസരം കൊടുത്തില്ല. ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചിറങ്ങിയ ആളാണ് എന്നൊക്കെ അവര്‍ക്കറിയാം.
മാര്‍ക്കറ്റുള്ള നടന്മാരെയാണ് അവര്‍ക്കു വേണ്ടത്. അവസാനം കെ. ബാലചന്ദര്‍, രജനീകാന്തിന് ഒരവസരം കൊടുത്തു. പടം റിലീസായി, പിറ്റേന്നുമുതല്‍ രജനി സ്റ്റാറാണ്. അപൂര്‍വരാഗങ്ങളായിരുന്നു ആ സിനിമ. വളരെ പെട്ടെന്ന് രജനീകാന്ത് സൂപ്പര്‍സ്റ്റാറായി മാറി. ഞാനപ്പോഴും ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്നു. ഒരിക്കല്‍, ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫംഗ്ഷനില്‍ അതിഥിയായി രജനി വന്നു.
രജനികാന്ത് ചാന്‍സിനായി പിറകേ നടന്ന ചേംബറിന്റെ മെമ്പര്‍മാരെല്ലാം അവിടെ ഉണ്ട്. അന്ന്, മലയാളത്തിലെ ഒരു പ്രൊഡ്യൂസറാണ് ചേംബറിന്റെ പ്രസിഡന്റ്. അദ്ദേഹം രജനീകാന്തിന്റെ പിന്നാലെ ഡേറ്റ് അഭ്യര്‍ഥിച്ചു നടന്നു. മൂത്രമൊഴിക്കാന്‍ പോലും സമ്മതിക്കാതെ രജനിയുടെ പിന്നാലെ അദ്ദേഹം നടന്നതിന്റെ മൂകസാക്ഷിയാണു ഞാന്‍. രജനിയാണെങ്കില്‍ അയാളെ ഒട്ടും മൈന്‍ഡ് ചെയ്യുന്നില്ല. വളരെ മോശപ്പെട്ട പ്രതികരണമാണ് രജനി അയാളോടു പ്രകടിപ്പിച്ചത്. രജനികാന്ത് മോശപ്പെട്ട മനുഷ്യനല്ല, നല്ല വ്യക്തിയാണ്. ഇതിലും കൈപ്പുള്ള അനുഭവം മുന്‍പ് ചാന്‍സ് തേടി നടന്നപ്പോള്‍ രജനിക്കുമുണ്ടായിട്ടുണ്ടാകാം. അതിന്റെ പ്രതികരണമാകാം അവിടെ കാണിച്ചത്- ശ്രീനിവാസന്‍ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

