ഗായിക അഭയ ഹിരൺമയി എന്നും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. അതു പലപ്പോഴും സ്വകാര്യജീവിതവുമായി ബന്ധപ്പെട്ടാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ജീവിതവും പിന്നീടുള്ള വേർപിരിയലും സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു. മറ്റുള്ളവരുടെ വീഴ്ച ആഘോഷിക്കുന്ന നവമാധ്യമങ്ങൾക്ക് കിട്ടിയ ലോട്ടറി ആയിരുന്നു ആ സംഭവങ്ങൾ. ഇപ്പോൾ വാലിബനിലെ പാട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഭയ.
ഏകദേശം ഒരുവർഷം മുന്പ് സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയോടൊപ്പം ഒരു പാട്ട് ചെയ്തു. എനിക്കിഷ്ടമുള്ള സംഗീതസംവിധായകനാണ് പ്രശാന്ത്. അങ്ങനെ പാട്ടുപാടാൻ ഞാൻ അദ്ദേഹത്തിന്റെ അടുത്തുപോയി. പാടിയപ്പോൾ നാടകഗാനം പോലെ ഒരു പാട്ടാണെന്നു തോന്നി. വളരെ ലളിതമായ, കേൾക്കുമ്പോൾ സുഖം തോന്നുന്ന ഒരു പാട്ടായിരുന്നു. പാട്ട് പാടാൻ വിളിക്കുമ്പോൾ ഏതു സിനിമയിലേക്ക്, ആരാണ് സംവിധായകൻ, ഈ പാട്ട് സിനിമയിൽ ഉണ്ടാകുമോ എന്നൊന്നും ഞാൻ ചോദിക്കാറില്ല. ആ പാട്ട് പാടി തിരിച്ചു വരുമ്പോഴും ഏത് സിനിമയാണെന്ന് അറിയില്ലായിരുന്നു.
രണ്ടുമാസം മുൻപ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി വിളിച്ചു. പാട്ടുപാടാൻ വിളിക്കുകയാണെന്നാണ് കരുതിയത്. ഒരു കഥാപാത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യാനാണ് വിളിച്ചത്. അപ്പോൾ അദ്ദേഹം അഭയ പാടിയ പാട്ട് കേൾക്കണ്ടേ എന്നു ചോദിച്ചു. ഞാൻ ചോദിച്ചു, ഞാൻ ലിജോയ്ക്കു വേണ്ടി എപ്പോഴാ പാടിയതെന്ന്. അപ്പോൾ ലിജോ മാലൈക്കോട്ടെ വാലിബനിലെ പാട്ടാണെന്നു പറഞ്ഞ് ഞാൻ പാടിയ പാട്ട് കേൾപ്പിച്ചുതന്നു. അത് കേട്ടപ്പോൾ ഞാൻ സന്തോഷം കൊണ്ട് ഭൂമിയിലും ആകാശത്തുമല്ലാത്ത അവസ്ഥയിൽ ആയിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലും ഇതേ ഗാനം പാടിയതും വലിയ സന്തോഷവും അഭിമാനവും തന്നു- അഭയ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

