സുരേഷ് ഗോപിയ്ക്ക് ദേശീയ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ട് കിട്ടാതെ പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സാബു സർഗം. അശോക് ആർ നാഥ് സംവിധാനം ചെയ്ത വെൺ ശംഖുപോൽ എന്ന സിനിമയെക്കുറിച്ചാണ് അദ്ദേഹം മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. സുരേഷ് ഗോപിയ്ക്ക് അവാർഡ് ലഭിക്കുമെന്ന് എല്ലാവരും കരുതിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. സുരേഷ് ഗോപിയെ തേടി അംഗീകാരവുമെത്തിയില്ല. അതേസമയം സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച പ്രകടനം കണ്ട സിനിമയായിരുന്നു വെൺ ശംഖുപോൽ എന്നാണ് സാബു പറയുന്നത്.
‘ഏകാദശി എന്നായിരുന്നു സിനിമയുടെ ആദ്യത്തെ പേര്. എന്നാൽ ആ പേര് വേണ്ടാ എന്ന് ചിലർ തീരുമാനിച്ചതിനെ തുടർന്നാണ് വെൺ ശങ്ക് പോൽ എന്ന പേരിടുന്നത്. ഭയങ്കരമായി പബ്ലിസിറ്റി ചെയ്ത സിനിമയായിരുന്നു. ലക്ഷങ്ങൾ മുടക്കിയിരുന്നു. തിരുവനന്തപുരത്തിന്റെ മുക്കിലും മൂലയിലും ഫ്ളെക്സുകൾ വച്ചിരുന്നു. എറണാകുളത്തിന് താഴേക്കും മുകളിലേക്കും ഫ്ളക്സുകൾ ഉയർന്നിരുന്നു. പക്ഷെ ആ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് ആ സിനിമയുടെ കലാമൂല്യം മനസിലാക്കി സൂര്യ ടിവി എടുത്തു. അത് നിർമ്മാതാവിന്റെ നഷ്ടങ്ങളിൽ ചെറിയ ആശ്വാസമായി.
സുരേഷ് ഗോപി അവതരിപ്പിച്ചത് യുദ്ധ ഭൂമിയിൽ നിന്നു കൊണ്ട് റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകന്റെ കഥാപാത്രത്തെയായിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന് ക്യാൻസർ വരുന്നു. മരിക്കാറായ അവസ്ഥയാണ്. പക്ഷെ ഒരു അത്ഭുതം നടന്ന് അദ്ദേഹം രക്ഷപ്പെടും എന്ന അവസ്ഥയിലേക്ക് വരുമ്പോൾ മരണ വേദന കൊണ്ട് ഭാര്യയായ ജ്യോതിർമയിയോട് നീ എനിക്ക് അൽപ്പം വിഷം ചോറിൽ തരണം, പക്ഷെ ഞാൻ അറിയരുത് എന്ന് പറയുന്നു.
സുരേഷ് ഗോപി മനോഹരമായി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഞാനൊരു നാഷണൽ അവാർഡ് പ്രതീക്ഷിച്ചിരുന്നു. ഇതുപോലെ സുരേഷ് ഗോപി അഭിനയിച്ച വേറെ സിനിമയില്ല. സുരേഷ് ഗോപിയ്ക്ക് നാഷണൽ അവാർഡ് കിട്ടിയ കളിയാട്ടത്തിൽ പോലും ഇത്രയും നന്നായി അഭിനയിച്ചിട്ടില്ല. അത്രയ്ക്ക് ഗംഭീരമായിരുന്നു. ഒരു സൈഡ് തളർന്നു പോയ അയാൾ, കയറിന്റെ ബലത്തിൽ എഴുന്നേറ്റ് ആഹാരമൊക്കെ കഴിക്കുന്നുണ്ട്. ചില ഡയലോഗുകൾ പറയുമ്പോൾ അദ്ദേഹം ഗ്ലിസറിനില്ലാതെ കരയുകയായിരുന്നു.
ഡയലോഗ് പറഞ്ഞു കൊടുക്കുമ്പോൾ ഞാൻ വിങ്ങിപ്പോയിട്ടുണ്ട്. ആ ഷോട്ട് കഴിഞ്ഞ ശേഷം എന്നെയൊന്ന് നോക്കി, എങ്ങനെയുണ്ടെടാ എന്ന് ചോദിക്കും. ഞാൻ ഇടയ്ക്ക് പുറകിൽ പോയി, ചിലപ്പോൾ ഒരു അംഗീകാരം കിട്ടാൻ സാധ്യതയുണ്ടെന്ന് പറയുമായിരുന്നു.
ദിലീപിൽ നിന്നും ആളുകൾ പ്രതീക്ഷിക്കുന്ന ഒന്നുണ്ട്, മോഹൻലാലിൽ നിന്നും പ്രതീക്ഷിക്കുന്ന ഒന്നുണ്ട്, മമ്മൂട്ടിയിൽ നിന്നും പ്രതീക്ഷിക്കുന്ന ഒന്നുണ്ട്. അതുപോലെ സുരേഷ് ഗോപിയിൽ നിന്നും പ്രതീക്ഷിക്കുന്നത് തോക്കും ആക്ഷനും ചടുലമായ ഡയലോഗുമൊക്കെയാണ്. കമ്മീഷ്ണറും ലേലവുമൊക്കെ യൂണിഫോം ഇടുന്നുവെന്നേയുള്ളൂ, ഒരേ പോലെയാണ്. അതിനാൽ മരണത്തെ പ്രതീക്ഷിച്ചു കിടക്കുന്ന ഒരാളെ സുരേഷേട്ടനിൽ നിന്നും ജനം പ്രതീക്ഷിച്ചു കാണില്ല. അതുകൊണ്ടാകാം ആ സിനിമ സാമ്പത്തികമായി നേട്ടമുണ്ടാക്കാതെ പോയത്.’
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

