മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 6 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നന്ദകിഷോർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സി കെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് ഒരുക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ആശിർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
വമ്പൻ കാൻവാസും താരനിരയുമുള്ള ഈ ചിത്രം ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും. ഒപ്പം വൈകാരികാംശങ്ങളോടെ പറയുന്ന പുരാണ കഥയും ആയിരിക്കും. നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കാനാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു അച്ഛൻ- മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ടീസര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മോഹൻലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറിൽ അവതരിപ്പിച്ചത്. തൻ്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഒരു രാജാവായി അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇതിഹാസ തുല്യമായ വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്നും ടീസർ സൂചിപ്പിക്കുന്നു.
മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്. മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു. യോദ്ധാവിന്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിനെ അവതരിപ്പിച്ചത്. ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ടീസറും കൗതുകകരമാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണ് ആരാധകര്‍ക്ക് മുന്നിലേക്ക് മോഹന്‍ലാല്‍ ഇത്തവണ എത്തുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

