ബോക്സ് ഓഫീസിൽ വിജയമായി മാറിയ സിനിമയായിരുന്നു അമർ അക്ബർ അന്തോണി. നാദിർഷ സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രത്തിൽ ആസിഫ് അലിയും അതിഥി വേഷത്തിലെത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ ചിത്രം വീണ്ടും ചർച്ചകളിൽ നിറുകയാണ്.
അമർ അക്ബർ അന്തോണിയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നാദിർഷ കഴിഞ്ഞ ദിവസം പറഞ്ഞ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. ചിത്രത്തിലെ മൂന്ന് നായകന്മാരിൽ ഒരാളായി താൻ മനസിൽ കണ്ടിരുന്നത് ആസിഫ് അലിയെയായിരുന്നു. എന്നാൽ ക്ലാസ്മേറ്റ്സ് ടീം വീണ്ടും ഒരുമിക്കുന്നതാകും നല്ലതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇതോടെ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ നയകന്മാരാക്കുകയായിരുന്നു എന്നാണ് നാദിർഷ പറഞ്ഞത്.
പൃഥ്വിരാജിനെതിരെ വ്യാപകമായി വിമർശനം ഉയരാൻ നാദിർഷയുടെ ഈ വെളിപ്പെടുത്തൽ ഇട വരുത്തിയിരുന്നു. ആസിഫ് അലിയെ അമർ അക്ബർ അന്തോണിയിൽ നിന്നും പൃഥ്വിരാജ് ഒഴിവാക്കിയെന്നായിരുന്നു സോഷ്യൽ മീഡിയുടെ ആരോപണം. തലവൻ ബോക്സ് ഓഫീസിൽ വിജയം നേടുമ്പോഴായിരുന്നു സോഷ്യൽ മീഡിയയിൽ ഈ വിവാദം ശക്തമാകുന്നത്. ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് ആസിഫ് അലി. ഇന്ത്യൻ സിനിമാ ഗ്യാലറിയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
സോഷ്യൽ മീഡിയ പ്രചരണങ്ങൾ തെറ്റിദ്ധാരണപ്പുറത്താണെന്നാണ് ആസിഫ് അലി പറയുന്നത്. പൃഥ്വാരിജ് അങ്ങനെ പറയാനുള്ള കാരണം അവരുടെ സൗഹൃദമാണെന്നും താൻ ആയിരുന്നു അഭിനയിച്ചിരുന്നതെങ്കിൽ സുഹൃത്തിനേക്കാൾ അനിയൻ ആയിട്ടേ തോന്നുമായിരുന്നുള്ളു എന്നും ആസിഫ് അലി പറയുന്നു. നാദിർഷ പറഞ്ഞതിനെ സോഷ്യൽ മീഡിയയും മാധ്യമങ്ങളും തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ആസിഫ് അലി പറയുന്നു.
‘അത് ഭയങ്കര തെറ്റിദ്ധാരണയാണ്. ഒരിക്കലും പൃഥ്വി അങ്ങനെ പറയില്ല. ഞാനിപ്പോൾ പൃഥ്വി എന്ന് പറയുന്നത് എല്ലാവർക്കും മനസിലാകാൻ വേണ്ടിയാണ്. ഞാൻ രാജുവേട്ടൻ എന്നാണ് വിളിക്കാറുള്ളത്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്റെ അർത്ഥം. അവർ തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത്. അവർ മുന്ന് പേരുമാണെങ്കിൽ കറക്ടായിരിക്കും. ആ സ്‌ക്രീൻ സ്പേസിലേക്ക് ഞാൻ വരുമ്പോൾ എന്നെ അനിയനെ പോലെ തോന്നിയേക്കും’ എന്നാണ് ആസിഫ് അലി പറഞ്ഞത്.
അതുകൊണ്ടാണ് പൃഥ്വിരാജ് അങ്ങനെ പറഞ്ഞതെന്നും അല്ലാതെ തന്നെ സിനിമയിൽ നിന്നും മാറ്റണം എന്ന് കരുതിയല്ല പറഞ്ഞതെന്നും ആസിഫി പറയുന്നു. നാദിർഷ പറഞ്ഞതും മാധ്യമങ്ങൾക്ക് കിട്ടിയതും തമ്മിലുള്ള വ്യത്യാസമാണ് വിവാദത്തിന് ഇടയാക്കിയതെന്നും ആസിഫ് പറയുന്നു. അതേസമയം താനായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരുന്നതെങ്കിൽ സിനിമയ്ക്ക് ഇത്ര സ്വീകാര്യത ലഭിക്കില്ലായിരുന്നുവെന്നും ആസിഫ് അലി അഭിപ്രായപ്പെടുന്നുണ്ട്.
അമർ അക്ബർ അന്തോണി ആളുകൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ തീരുമാനിക്കാൻ കാരണം തന്നെ ആ മൂന്ന് പേർ ആണെന്നും ആസിഫ് പറയുന്നു. പൃഥ്വിരാജും താനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും അഭിമുഖത്തിൽ ആസിഫ് അലി സംസാരിക്കുന്നുണ്ട്. താൻ അപകടം പറ്റി കിടന്നിരുന്ന സമയത്ത് എല്ലാ ദിവസവും തന്നെ വിളിച്ച് രാജുവേട്ടൻ കാര്യങ്ങൾ ചോദിക്കുമായിരുന്നു എന്നാണ് ആസിഫ് പറയുന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും തന്നെ വിളിക്കുമായിരുന്നുവെന്നും തന്നെ വിളിച്ചിട്ട് കിട്ടാതെ വരുമ്പോൾ ഭാര്യ സമയെ വിളിക്കുമായിരുന്നുവെന്നും ആസിഫ് പറയുന്നു.
സർജറി കഴിഞ്ഞും മൂന്ന് മാസം തീർച്ചയായും വിശ്രമിക്കണമെന്ന് പൃഥ്വി തന്നോട് പറഞ്ഞിരുന്നുവെന്നും ആസിഫ് പറയുന്നുണ്ട്. അങ്ങനെ തന്റെ എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്ന ആളാണ് പൃഥ്വിരാജ്. തങ്ങൾക്കിടയിൽ എന്തോ വലിയ പ്രശ്നമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ തനിക്ക് വലിയ വിഷമമായെന്നും ആസിഫ് അലി പറയുന്നു. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

