ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയാണ് സ്ട്രീമിംഗിന് ഒരുങ്ങുന്നത്. മെയ് 23 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഇത്. തിയറ്റർ റിലീസിൻറെ 50-ാം ദിനമാണ് ചിത്രം ഒടിടിയിൽ എത്തുക. ജൂലൈ 11 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. പൊളിറ്റിക്കൽ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോൺ ലീനിയറായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ആദിവാസി ഭൂമി പ്രശ്‌നം മുന്നിൽ നിർത്തി 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയിൽ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേർത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. ഛായാഗ്രഹണം വിജയ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം ബാവ.