ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ, ചിത്രീകരണം ഭൂരിഭാഗവും വിദേശത്ത്

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് പിന്നാലെ പുതിയ സിനിമയുമായി വിനീത് ശ്രീനിവാസൻ വിനീത് ഇനി ത്രില്ലർ സിനിമയുമായാണ് വിനീത് എത്തുന്നത്. മെരിലാന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് സിനിമ നിർമിക്കുന്നത്. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ സിനിമകൾക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. വിനീതും നിർമാണത്തിൽ പങ്കാളിയാകും. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല.

നോബിൾ ബാബു തോമസ് ആണ് ചിത്രത്തിലെ നായകൻ. നോബിൾ തന്നെയാണ് സിനിമയുടെ തിരക്കഥാകൃത്തും. അടുത്ത സുഹൃത്തുക്കളാണ് നോബിളും വിനീതും. നേരത്തെ നോബിൾ നായകനായ ഹെലന്റെ നിർമാതാവായിരുന്നു വിനീത്. വിനീത് ഒരുക്കിയ ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയുടെ നിർമാതാവായിരുന്നു നോബിൾ.

ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റിയൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെപ്തംബർ 25 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ജോമോൻ ടി ജോൺ ആണ് സിനിമയുടെ ഛായാഗ്രഹണം. ഷാൻ റഹ്‌മാൻ ആണ് സംഗീത സംവിധാനം. ഒരിടവേളയ്ക്ക് ശേഷം ഷാനും വിനീതും കൈ കോർക്കുന്ന ചിത്രം കൂടിയാണ്.

വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും വിദേശത്താണ്. ജോർജിയ, റഷ്യ-അസർബൈജാൻ അതിർത്തി എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. ഉത്തരേന്ത്യയിലും ചിത്രീകരണം നടന്നിരുന്നു.ശോഭനയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ തിരയ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ആണ് പുതിയ ചിത്രം. ബോക്സ് ഓഫീസിൽ പരാജയപ്പെട്ടുവെങ്കിലും പിന്നീട് അതിന്റേതായ ആരാധകരിലേക്ക് എത്തിയ ചിത്രമാണ് തിര. വർഷങ്ങൾക്ക് ശേഷം വിനീത് ത്രില്ലറിലേക്ക് തിരിച്ചുവരുമ്പോൾ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Leave a Reply