നേര് എന്ന സിനിമയിലൂടെ ഏറെക്കാലത്തിന് ശേഷം മലയാളത്തിലേക്കും പ്രിയാമണി തിരിച്ചെത്തി. അഭിനയിക്കുന്ന ഭാഷകളിലെല്ലാം ശ്രദ്ധേയമായ വേഷം ലഭിക്കുന്നതാണ് പ്രിയാമണിയെ വ്യത്യസ്തയാക്കുന്നത്. മലയാളത്തിൽ തിരക്കഥ എന്ന സിനിമയിൽ നടി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു. തമിഴിൽ പരുത്തിവീരൻ, കന്നഡയിൽ ചാരുലത, ഹിന്ദിയിൽ ഫാമിലി മാൻ തുടങ്ങി പ്രിയാമണിക്ക് കരിയറിൽ എടുത്ത് പറയാനുള്ള സിനിമകളും സീരിസുകളുമുണ്ട്.
പൊതുവെ വിവാഹ ശേഷം നടിമാർക്ക് അവസരം കുറയാറോ സിനിമകളിൽ നിന്ന് മാറി നിൽക്കാറോ ആണ് പതിവെങ്കിൽ പ്രിയാമണിയുടെ കാര്യത്തിൽ സംഭവിച്ചത് മറിച്ചാണ്. വിവാഹ ശേഷമാണ് നടിക്ക് തിരക്ക് കൂടിയത്. നായികാ വേഷം മാത്രമേ ചെയ്യൂ എന്ന നിർബന്ധവും പ്രിയാമണിക്ക് ഇന്നില്ല. ജവാൻ, വിരാടപർവം തുടങ്ങിയ സിനിമകളിൽ ക്യാരക്ടർ റോളാണ് പ്രിയാമണി ചെയ്തത്.
അടുത്ത കാലത്ത് പ്രിയാമണിയുടെ ലുക്കിലും വലിയ മേക്കോവർ സംഭവിച്ചു. വണ്ണം കുറച്ച നടി ഫിറ്റ്നെസിന് ശ്രദ്ധ നൽകുന്നുണ്ട്. പുതിയ സിനിമ ഭമകൽപം 2 വിന്റെ പ്രൊമോഷന് എത്തിയ പ്രിയാമണി ആരാധക പ്രശംസ നേടുകയാണ്. നടി പതിവിലധികം സുന്ദരിയായിട്ടുണ്ടെന്ന് ഇവർ പറയുന്നു, വണ്ണം കുറച്ചതിന് പിന്നിൽ നടി നേരിട്ട ചില ആരോഗ്യപ്രശ്നങ്ങളും കാരണമാണ്. ഇതേക്കുറിച്ച് പ്രിയാമണി മാസങ്ങൾക്ക് മുമ്പെ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.
ഞാൻ വല്ലാതെ വണ്ണം വെച്ചതായി എനിക്ക് തോന്നി. അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ടായിരുന്നില്ല. ഇതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയത്. ചില ടെസ്റ്റുകൾ ചെയ്യാൻ ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചെന്നും പ്രിയാമണി തുറന്ന് പറഞ്ഞു. യൂട്രസിൽ ടിഷ്യൂകൾ വളരുന്ന എഡിനോമയോമയായിരുന്നു അത്. ആറ് സെന്റിമീറ്ററോളം വളർന്നതിനാൽ അത് നീക്കം ചെയ്യണം. ആറ് സെന്റി മീറ്റർ വളരെ വലുതാണെന്ന് ഡോക്ടർ പറഞ്ഞു. ഒരു കീ ഹോൾ സർജറി ചെയ്യണം.സർജറിക്കായി എനിക്ക് വണ്ണം കുറക്കേണ്ടി വന്നു. വണ്ണം കുറച്ചാലെ ഓപ്പറേഷൻ സാധിക്കൂ എന്നതിനാൽ അതിന് വേണ്ടി മാത്രം ടാബ്ലെറ്റ് തന്നു. അത് ശരീര ഭാരം വല്ലാതെ കുറച്ചു.
ഓപ്പറേഷൻ വിജയകരമായിരുന്നു. മുഴയുടെ 95 ശതമാനവും നീക്കി. ബാക്കിയുള്ള അഞ്ച് ശതമാനം അപകടകരമല്ല, ഒരുപക്ഷെ തിരിച്ച് വന്നേക്കാം എന്നും ഡോക്ടർ പറഞ്ഞു. യോഗയിലൂടെയും മറ്റുമാണ് താൻ ഫിറ്റ്നെസ് നിലനിർത്തുന്നതെന്നും വണ്ണം കുറയ്ക്കാൻ ലിപൊസക്ഷൻ പോലുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും പ്രിയാമണി വ്യക്തമാക്കി. ഫാഷനിലും ഫിറ്റ്നെസിലും ശ്രദ്ധ നൽകുന്ന പ്രിയാമണി ഇന്ന് സോഷ്യൽ മീഡിയയിലും സെൻസേഷനാകുന്നു.
39 കാരിയായ പ്രിയാമണിക്ക് ഇന്ന് ഹിന്ദി സിനിമാ രംഗത്തും അവസരങ്ങളേറെയാണ്. ജവാനിൽ നായികാ വേഷമല്ലെങ്കിലും മികച്ച കഥാപാത്രമാണ് പ്രിയാമണിക്ക് ലഭിച്ചത്. ഫാമിലി മാൻ എന്ന സീരീസാണ് പ്രിയാമണിക്ക് ഹിന്ദി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കൊടുത്തത്. കരിയറിൽ തുടരുന്നുണ്ടെങ്കിലും പഴയത് പോലെ ഇന്റിമേറ്റ് രംഗങ്ങളോ ഗ്ലാമറസ് വേഷങ്ങളോ ചെയ്യില്ലെന്ന് പ്രിയാമണി വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

