ഗോസിപ്പുകൾക്കുള്ള വക ഞാൻ ഉണ്ടാക്കാറില്ല, പോവുക പണിയെടുക്കുക വീട്ടിൽ പോവുക : മഡോണ സെബാസ്റ്റ്യൻ

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് മഡോണ സെബാസ്റ്റ്യൻ. പിന്നാലെ മറ്റു ഭാഷകളിൽ നിന്നടക്കം അവസരങ്ങൾ മഡോണയെ തേടി എത്തുകയായിരുന്നു. ഇന്ന് മലയാളത്തിന് പുറമെ തമിഴിലെയും തെലുങ്കിലെയും അറിയപ്പെടുന്ന നായികയാണ് മഡോണ. വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആണ് മഡോണയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ വിജയുടെ സഹോദരി ആയിട്ടാണ് മഡോണ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് വരെ ലിയോ ടീം സർപ്രൈസായി സൂക്ഷിച്ചിരുന്ന കഥാപാത്രമാണ് മഡോണയുടേത്. മികച്ച പ്രതികരണമാണ് മഡോണയുടെ വേഷത്തിന് ലഭിക്കുന്നത്.

അതേസമയം തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം ഉറപ്പിക്കുകയും ചെയ്യുകയാണ് മഡോണ. മലയാളത്തിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും മഡോണ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത് തമിഴിലാണ്. തെലുങ്കിലും കന്നഡത്തിലും ഏതാനും സിനിമകൾ നടിയുടേതായി ഉണ്ട്. ഈ ഭാഷകളിലെല്ലാം സജീവമായി നിൽക്കുമ്പോഴും മറ്റു നായികമാരെ പോലെ വിവാദങ്ങളിലോ ഗോസിപ്പുകളിലോ പെടാത്ത താരം കൂടിയാണ് മഡോണ.

ഇപ്പോഴിതാ തന്റെ പേര് ഗോസിപ്പുകളിൽ വരാത്തത് എന്തുകൊണ്ടാണെന്ന് പറയുകയാണ് മഡോണ. അതിനുള്ള അവസരങ്ങൾ താൻ ഉണ്ടാക്കാറില്ലെന്ന് മഡോണ പറയുന്നു. ബിഹൈൻഡ്വുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഡോണ സെബാസ്റ്റ്യൻ.

‘ഗോസിപ്പുകൾക്ക് ഉള്ള വക ഞാൻ ഉണ്ടാക്കാറില്ല. പോവുക പണിയെടുക്കുക വീട്ടിൽ പോവുക. ഇതാണ് ഞാൻ ചെയ്യാറുള്ളത്. ജോലിക്ക് പോവുക, അതു കഴിഞ്ഞ് വീട്ടിലേക്ക് വരുക. അതിനിടെ കറങ്ങാനോ മറ്റോ പോകരുതെന്ന് ഞാൻ നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ള കാര്യമാണ്. തുടക്കം മുതൽ ഇപ്പോൾ വരെ അങ്ങനെ തന്നെയാണ്’, മഡോണ പറഞ്ഞു.

ആരാധകരെ കുറിച്ചും മഡോണ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. പ്രേമത്തിലെ സെലിൻ എന്ന കഥാപാത്രം കാരണം തന്നെയാണ് ഇന്നും ആരാധകർ സ്‌നേഹിക്കുന്നതെന്ന് മഡോണ പറഞ്ഞു. അന്യഭാഷകളിലടക്കം അവസരങ്ങൾ ലഭിക്കുന്നതും ആളുകൾ തിരിച്ചറിഞ്ഞതുമെല്ലാം ആ വേഷത്തിലൂടെയാണെന്ന് നടി പറഞ്ഞു.

ഒരുപാട് ആരാധകർ ഉണ്ടെങ്കിലും വലിയ രീതിയിൽ ആരാധകരുടെ ശല്യം ഉണ്ടായിട്ടില്ലെന്നും മഡോണ പറയുകയുണ്ടായി. ചിലർ ഫോണൊക്കെ വിളിക്കും. അല്ലാതെ വീട്ടിലേക്ക് വരികയോ, വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിട്ടില്ല. കോളുകൾ വരുമ്പോൾ അമ്മയാണ് എടുക്കാറുള്ളത്. ഞാൻ സംസാരിക്കാറില്ല. അമ്മ തന്നെ അത് ഡീൽ ചെയ്യും. എന്താ മോനെ എന്നൊക്കെ ചോദിച്ച് അമ്മ തന്നെ അത് സോർട്ട് ചെയ്‌തോളുമെന്നും മഡോണ വ്യക്തമാക്കി.

മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ മാത്രം കാണുന്നതിന്റെ കാരണവും നടി പങ്കുവച്ചു. മലയാളത്തിൽ താൻ അൽപം സെലക്ടീവാണ്. എന്നാൽ വരുന്ന നല്ല സിനിമകളെല്ലാം ചെയ്യാൻ ശ്രമിക്കാറുണ്ട്. ഒരിക്കലും ഒരു ബ്രേക്ക് എടുത്തിട്ടില്ല. അങ്ങനെ ബ്രേക്ക് എടുക്കാൻ ഉദ്ദേശിക്കുന്ന ആളുമല്ല, മഡോണ വ്യക്തമാക്കി. കരിയറിൽ അഭിനയവും സംഗീതവും ഒരുമിച്ചു കൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മഡോണ പറഞ്ഞു.

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply