കോക്കേഴ്‌സ് വീണ്ടും

മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളില്‍ തുടങ്ങി, മനസില്‍ തങ്ങിനില്‍ക്കുന്ന ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയാണ് സിയാദ് കോക്കര്‍ സാരഥ്യം വഹിച്ച കൊക്കേഴ്‌സ് ഫിലിംസ്. കൂടും തേടിയില്‍ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവര്‍ക്ക് സമാധാനം, പട്ടണപ്രവേശം, മഴവില്‍ക്കാവടി, സമ്മര്‍ ഇന്‍ ബത്‌ലഹേം, ദേവദൂതന്‍ തുടങ്ങി മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചു കോക്കേഴ്‌സ്. ഈ വര്‍ഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ കുറിയിലൂടെ നവയുഗ മലയാള സിനിമാരംഗത്തേക്കും കോക്കേഴ്‌സ് രംഗപ്രവേശം ചെയ്തു.

നിര്‍മാണ രംഗത്തും ഡിസ്ട്രിബൂഷന്‍ മേഖലയിലും തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ മുഖം മിനുക്കിയ കോക്കേഴ്‌സ്, ‘കോക്കേഴ്‌സ് മീഡിയ എന്റര്‍ടെന്‍മെന്റ്‌സ്’ എന്ന പുതിയ പേരിലാണ് ഇനിയെത്തുക. സിയാദ് കോക്കറിന്റെ മകള്‍ ഷെര്‍മിന്‍ സിയാദാണ് നേതൃത്വം വഹിക്കുന്നത്. വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രമടക്കം ബിഗ് ബജറ്റ് സിനിമകളുടെ നിര്‍മാണവും വിതരണവും ചെയ്തുകൊണ്ടായിരിക്കും കോക്കേഴ്‌സ് 2023 സമ്പന്നമാക്കുക.

38 വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ സിനിമാ നിര്‍മാണം മാത്രമായി ചുരുങ്ങാതെ ഡിസ്ട്രിബ്യൂഷന്‍, മാര്‍ക്കറ്റിംഗ്, പ്രൊഡക്ഷന്‍ കണ്‍സള്‍ട്ടേഷന്‍ & സെയില്‍സ് എന്നിവയിലും കോക്കേഴ്‌സിന്റെ പുതുതലമുറ ഊന്നല്‍ നല്‍കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply