നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച മകൾ ദിയ കൃഷ്ണ. കുട്ടികാലത്ത് വീട്ടിലെ പണിക്കാർക്ക് മണ്ണിൽ കുഴി കുത്തി കഞ്ഞി ഒഴിച്ച് കൊടുത്തിരുന്നതിനെക്കുറിച്ചുള്ള പരാമർശത്തിന് പിന്നാലെയാണ് കൃഷ്ണകുമാറിനെതിരെ വിമർശനങ്ങൾ ഉയർന്നത്. കൊച്ചു കുട്ടിയായിരുന്നപ്പോൾ അച്ഛന് തോന്നിയ കൊതിയാണ് വീഡിയോയിൽ പറഞ്ഞതെന്ന് ദിയ കൃഷ്ണ പറയുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദിയയുടെ പ്രതികരണം. തന്റെ ഫോളോവേഴ്‌സിന് വേണ്ടിയാണ് വീഡിയോയെന്നും ഹേറ്റേഴ്‌സ് കാണേണ്ടതില്ലെന്നുമുള്ള ക്യാപ്ഷനോടെയാണ് ദിയ വീഡിയോ പങ്കുവെച്ചത്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിലും ദിയ വീഡിയോയിൽ മറുപടി പറഞ്ഞു.
‘കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ അച്ഛന്റെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് പോയതായിരുന്നു. അവിടെ നിന്ന് അമ്മ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോകുമ്പോൾ പഴങ്കഞ്ഞി കണ്ടു. ആദ്യമായാണ് ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ പഴഞ്ചോറ് കാണുന്നത്. നമ്മൾ സാധാരണ ഫൈവ് സ്റ്റാർ ഹോട്ടലിൽ പഴഞ്ചോറ് പോലത്തെ നാടൻ ഭക്ഷണം കാണാറില്ല.
വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണമാണ് പഴഞ്ചോറ്. മലയാളികൾക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. അച്ഛനും എനിക്കും പ്രത്യേകിച്ചും പഴഞ്ചോറ് ഭയങ്കര ഇഷ്ടമാണ്. ആ വ്‌ലോഗിൽ അച്ഛൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ, പഴഞ്ചോറ് കണ്ടപ്പോൾ തന്നെ അച്ഛന് പഴയ കാലം ഓർമ വന്നു. പഴയ കാലം എന്നാൽ അച്ഛന് ഇരുപതോ മുപ്പതോ വയസുള്ളപ്പോഴല്ല, ഏഴോ എട്ടോ വയസുള്ളപ്പോഴത്തെ കാര്യമാണ്. വളരെ കുഞ്ഞായിരിക്കുമ്പോഴുള്ള കഥയാണ്.
അച്ഛൻ സാധാരണയിൽ സാധാരണക്കാരായ, ലോവർ മിഡിൽ ക്ലാസ് ഫാമിയിൽ നിന്ന് വന്ന ആളാണ്. അദ്ദേഹം വലുതായ ശേഷമാണ് മീഡിയയിലേക്ക് വരുന്നതും ഇന്നത്തെ നിലയിലേക്ക് എത്തുന്നതും. അച്ഛന്റെ അമ്മയും അച്ഛനും മരിച്ചുപോയി. അച്ഛന്റെ അമ്മ വളരെ കനിവുള്ള സ്ത്രീയായിരുന്നു. കുട്ടിക്കാലത്ത് അവിടെ പോയാൽ വെറും കയ്യോടെ തിരികെ വിടില്ല. ഒന്നുമില്ലെങ്കിൽ ഒരു ബിസ്‌ക്കറ്റ് എങ്കിലും തന്നു വിടുമായിരുന്നു. ആ വിട്ടിൽ വന്നാൽ വെറും കൈയോടെ പോകുന്നത് പുള്ളിക്കാരിക്ക് ഇഷ്ടമല്ല. തരാൻ പൈസ ഇല്ലെന്ന് പറയുമ്പോൾ ഒന്നും വേണ്ട അമ്മൂമ്മ എന്ന് ഞങ്ങൾ പറയും.
എൺപതുകളിലെ കഥയാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ വീട്ടിൽ പണിക്കു വരുന്ന ആളുകളെക്കുറിച്ചല്ല പറഞ്ഞത്. അച്ഛന്റെ വീടിന്റെ അടുത്ത് പണിക്ക് വരുന്നവരെക്കുറിച്ചാണ് പറഞ്ഞത്. അവർ ക്ഷീണിച്ച് നിൽക്കുന്നത് കണ്ട് അവർക്ക് ഭക്ഷണം കൊടുക്കാൻ അച്ഛന്റെ അമ്മയ്ക്ക് തോന്നിയിരുന്നു. ലോവർ മിഡിൽ ക്ലാസ് ഫാമിലി ആയതിനാൽ എല്ലാവർക്കുമുള്ള പാത്രവും ഗ്ലാസും ട്രേയുമൊന്നും കാണില്ല. വീട്ടിൽ കഴിക്കാൻ തന്നെ ആകെ രണ്ട് സ്റ്റീൽ പ്ലേറ്റ് കാണും. ഒരു പത്തമ്പത് പേർക്ക് കൊടുക്കാൻ ഇതൊന്നും തികയില്ല. അവർക്ക് ഭക്ഷണം കൊടുക്കണം എന്നു തോന്നി. അങ്ങനെ അമ്മൂമ്മ അവർക്ക് എല്ലാവർക്കും പഴഞ്ചോറുണ്ടാക്കും. നാട്ടിൻ പുറത്ത് പണ്ട് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇത്. മണ്ണിൽ കുഴികുത്തി അതിൽ ഇല വെക്കും. അതിനകത്താണ് ചോറോ കഞ്ഞിയോ ഒഴിച്ച് കഴിക്കുന്നത്. കൈ വെച്ചോ പ്ലാവിന്റെ ഇല വച്ചോ കഴിക്കും.
എന്റെ അച്ഛനും അപ്പൂപ്പനും എന്റെ കൂട്ടുകാരുടെ അച്ഛന്മാരുമെല്ലാം അങ്ങനെ കഴിച്ചിട്ടുണ്ട്. അത് അന്നത്തെ ട്രഡിഷനാണ്. അന്ന് അങ്ങനെയാണ് കഴിക്കുന്നത്. അവർ അങ്ങനെ കഴിക്കുന്നത് കാണുമ്പോൾ കൊച്ചുകുട്ടിയായിരുന്ന അച്ഛനും അങ്ങനെ കഴിക്കണമെന്ന് കൊതി തോന്നിയിട്ടുണ്ട്. എന്ത് രസമായിട്ട് കഴിക്കുന്നതെന്ന് തോന്നി. ഏഴെട്ട് വയസുള്ള പയ്യന് തോന്നിയ ആഗ്രഹത്തെക്കുറിച്ചാണ് അച്ഛൻ ആ വിഡിയോയിൽ പറയുന്നത്. അല്ലാതെ താഴ്ന്ന ജാതിക്കാർക്ക് കുഴി കുത്തി കഞ്ഞി കൊടുത്തു എന്നല്ല അച്ഛൻ പറയുന്നത്. എന്റെ അച്ഛനോ ഞാനോ എന്റെ കുടുംബത്തിലെ ഒരാൾ പോലും ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുന്നത് പോലും നിങ്ങൾ പൈസക്കാരാണോ എന്ന് ചോദിച്ചിട്ടല്ല. സാമ്പത്തിക പ്രശ്‌നം എല്ലാവർക്കുമുണ്ട്.
എന്റെ അച്ഛന് ജാതിയുടെ പ്രശ്നമുണ്ടെന്ന് ആക്കുന്നത്. എന്റെ അച്ഛൻ ലോവർ മിഡിൽ ക്ലാസിൽ നിന്നുമാണ്. അങ്ങനെയുള്ളയാൾ പാവങ്ങളെ മോശമായി കാണില്ല. ഇതിനെ ട്വിസ്റ്റ് ചെയ്ത് എടുത്തതാണ്. എന്റെ അച്ഛൻ കൊട്ടാരത്തിൽ വളർന്ന തമ്പുരാൻ പയ്യൻ അല്ല. അതു കൂടെ മനസിലാക്കണം. ഇതിനെതിരെ നിയമപരമായി നീങ്ങണം എന്ന് വരെ ചിലർ പറഞ്ഞു. പക്ഷേ, അതിൽ ചിലരൊക്കെ കോളേജിൽ പഠിക്കുന്നവരാണ്. അവരുടെ ഭാവിയെ ബാധിക്കും എന്നതിൽ അതിന് മുതിരുന്നില്ല. ഒരാളെപ്പറ്റി ഒരു കാര്യം പറയുമ്പോൾ അത് ശരിയാണോ തെറ്റാണോ എന്ന് അന്വേഷിക്കണം.
എന്റെ വ്ളോഗിൽ അച്ഛൻ പ്രാവിന് തീറ്റ കൊടുക്കുന്ന സമയത്ത് തറയിൽ ഇട്ടു കൊടുത്താൽ പ്രശ്നമാകുമോ എന്ന് ഞാൻ പറയുന്നുണ്ട്. പക്ഷേ, അവിടേയും ഞാൻ ആരുടേയും കാസ്റ്റിനെക്കുറിച്ചോ മതത്തെക്കുറിച്ചോ പറഞ്ഞിട്ടില്ല. ഒരു തെറ്റും ചെയ്യാതെ, അച്ഛൻ പണ്ടത്തെ കൊതി പറഞ്ഞതിനെ ഇങ്ങനെ ട്വിസ്റ്റ് ചെയ്‌തെങ്കിൽ പ്രാവിന് ഭക്ഷണം ഇട്ടു കൊടുത്തതിന് എന്നെ ആരെങ്കിലും എന്തെങ്കിലും പറയുമോ, എന്നെ ടാർജറ്റ് ചെയ്യുമോ എന്നതായിരുന്നു എന്റെ പേടി. ഇനി അതും കൂടെ നിങ്ങൾ ട്വിസ്റ്റ് ചെയ്‌തെടുക്കരുതേ. പ്രാവിന് നമ്മൾക്ക് ഇങ്ങനെയേ ഭക്ഷണം കൊടുക്കാൻ പറ്റൂ. എങ്ങനെയാണ് ഇതൊരു മതപരവും രാഷ്ട്രീയപരവുമായ കാര്യമായി മാറിയതെന്ന് എനിക്ക് മനസിലായിട്ടില്ല. പരോക്ഷമായി ആളുകൾ ഉണ്ടാക്കിയെടുത്ത സ്റ്റോറിയിൽ നിന്നും ആർക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കിൽ ഞാൻ അവരോട് ക്ഷമ ചോദിക്കുന്നു. എല്ലാ കാര്യങ്ങളും ട്വിസ്റ്റ് ചെയ്യാതിരിക്കുക. കാര്യങ്ങൾ പോസിറ്റീവായി എടുക്കാൻ നോക്കുക’, ദിയ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

