വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത അലൻസിയർ പുതിയ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. മായാവനം എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് വൈകാതെ റിലീസനൊരുങ്ങുന്ന അലൻസിയറിന്റെ പുത്തൻ പടം.
ഡോ. ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ തന്റെ സിനിമകളിലെ പ്രതിഫലത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ്. തനിക്കിപ്പോൾ കിട്ടുന്ന തുക ലോൺ അടക്കാൻ മാത്രമേ തികയുന്നുള്ളുവെന്നാണ് നടൻ പറയുന്നത്.
കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പുകളൊന്നും ഞാൻ നടത്താറില്ല. ഈ സിനിമയിൽ അഭിനയിക്കാൻ വരുന്നത് വരെ ഞാൻ മര്യാദക്കാരനായിരുന്നു. എന്നാൽ സംവിധായകൻ വന്നിട്ട് കാരവനിൽ നിന്നും ഒരു പാട്ട് കേൾപ്പിച്ചു. അപ്പോഴാണ് ഞാൻ ചിൽ ആയതെന്നും അപ്പോൾ മുതൽ ഈ ഭ്രാന്ത് തുടങ്ങിയെന്നും അലൻസിയർ കൂട്ടിച്ചേർത്തു. മായവനം എന്ന സിനിമയിൽ അഭിനയിക്കുന്നതിനെ പറ്റിയായിരുന്നു നടൻ സംസാരിച്ചത്.
കഥാപാത്രങ്ങൾ ചോദിച്ച് പോകാറില്ല. സംവിധായകർ എന്നെ തേടി വന്ന് തന്നതേ ചെയ്തിട്ടുള്ളു. ഞാൻ കിട്ടുന്ന ബസിൽ കയറി പോകുന്നു എന്നേയുള്ളു. എന്റെ കഥാപാത്രത്തെ മാത്രമേ ഞാൻ അന്വേഷിക്കാറുള്ളു. സൂപ്പർഫാസ്റ്റ് ബസ് വേണമെന്ന് ഒന്നുമില്ല. ഞാൻ ലോക്കൽ ബസിലും എനിക്ക് പോകാൻ പറ്റും. കാരണം എനിക്ക് ലോൺ അടക്കാനുണ്ട്. ലോണും ജിഎസ്ടിയുമൊക്കെ തന്നെയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.
ഞാൻ നാടകം കളിച്ച് നടന്ന കാലത്തൊന്നും എനിക്ക് ഈ പ്രശ്നങ്ങളില്ലായിരുന്നു. മര്യാദയ്ക്ക് നാടകം കളിച്ച് നടന്നാൽ മതിയായിരുന്നു. അന്ന് കുറച്ചൊക്കെ കടം വാങ്ങിക്കും. അത് എപ്പോഴെങ്കിലും തിരിച്ച് കൊടുക്കുകയും ചെയ്യും. ഇപ്പോൾ എല്ലാ ജിഎസ്ടിക്കാരും ലോണുക്കാരും പിന്നാലെ നടന്ന് വളഞ്ഞിട്ട് പിടിച്ചിരിക്കുകയാണ്. ലോൺ തരാമെന്ന് പറഞ്ഞിട്ടും പല ബാങ്കുകാരും വിളിക്കുന്നുണ്ട്. ലോണിനെ പേടിയാണിപ്പോഴെന്ന് അലൻസിയർ പറയുന്നു.
പ്രതിഫലം കിട്ടാറില്ലെന്നല്ല പറഞ്ഞത്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ കൃത്യമായി തന്നു. എന്നാൽ നമ്മൾ ചോദിക്കുന്നത് ഒന്ന്, അവർ തരാമെന്ന് പറയുന്നത് വേറൊന്ന്. പക്ഷേ കിട്ടുന്നത് മറ്റൊന്നാണ്. ഇതിന് പിന്നാലെ ജിഎസ്ടിക്കാരും വരും. ഇതോടെ വീണ്ടും ലോൺ എടുക്കുകയും അല്ലെങ്കിൽ കൂട്ടുകാരുടെ കൈയ്യിൽ നിന്നും കടം വാങ്ങിക്കേണ്ടിയും വരും. പിന്നെ അവർ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ ഇരിക്കണം.
2023 ലെ നഷ്ടലാഭക്കണക്കുകളൊന്നും ഞാൻ നോക്കിയിട്ടില്ല. ആകെ ബാങ്ക് ബാലൻസ് മാത്രമാണ് നോക്കിയിട്ടുള്ളത്. പിന്നെ സെമിത്തേരിയിലേക്ക് പോകാനുള്ള വഴിയും നോക്കും. പിന്നെ ഇപ്പോൾ തമിഴിലേക്ക് അഭിനയിക്കാൻ പോവുകയാണ്. വെട്രിമാരന്റെ സിനിമയാണെന്നും നടൻ പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

