77-ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ ഗ്രാൻഡ് പ്രീ പുരസ്കാരം. മലയാള താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. അസീസ് നെടുമങ്ങാടും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് മത്സരിച്ചത്. ‘ബാര്‍ബി’ സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെര്‍വിഗ് അധ്യക്ഷയായ ജൂറിയാണ് മത്സരവിഭാഗം ചിത്രങ്ങള്‍ വിലയിരുത്തിയത്.
വെള്ളിയാഴ്ച കാനില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. കാണികള്‍ എഴുന്നേറ്റുനിന്ന് എട്ടുമിനിറ്റ് കൈയടിച്ചു. പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്സുമാരുടെ മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.’ മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂര്‍വ വിദ്യാര്‍ഥിയായ പായല്‍ കപാഡിയയുടെ ഡോക്യുമെന്ററി ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങി’ന് 2021-ല്‍ കാനിലെ ‘ഗോള്‍ഡന്‍ ഐ’ പുരസ്‌കാരം ലഭിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യതലമുറ വീഡിയോ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായ നളിനി മാലനിയുടെ മകളാണ് പായല്‍. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയോസും ഇന്ത്യന്‍ കമ്പനികളായ ചോക്ക് ആന്‍ഡ് ചീസും അനദര്‍ ബെര്‍ത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു മനോഹരയാത്രയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

