തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷംന കാസിം. മലയാളിയാണെങ്കിലും തെലുങ്കിലും തമിഴിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായിക. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും ഗര്‍ഭ വാര്‍ത്ത പുറത്ത് വന്ന ശേഷം നടന്ന ചര്‍ച്ചകളെക്കുറിച്ചുമൊക്കെ ഷംന സംസാരിക്കുകയാണ്.
ഒരിക്കല്‍ ഞാന്‍ വിവാഹത്തട്ടിപ്പിന് ഇരയായി. അതിന് ശേഷം പലരും വിവാഹത്തെക്കുറിച്ച് നിരന്തരം ചോദിക്കുമായിരുന്നു. വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കരുതെന്ന് വീട്ടുകാരോട് ഞാന്‍ ആദ്യമേ പറഞ്ഞു. മമ്മിക്കും പപ്പയ്ക്കുമൊക്കെ എന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു എന്നാണ് ഷംന കാസിം പറയുന്നത്.
ഒരിക്കല്‍ മര്‍ഹബ എന്ന ഇവന്റിനു വേണ്ടി ദുബായില്‍ പോയി. ഗോള്‍ഡന്‍ വിസ വാങ്ങാന്‍ കൂടി വേണ്ടിയായിരുന്നു ആ യാത്ര. ഇക്കയുടെ കമ്പനിയാണ് ഗോള്‍ഡന്‍ വിസ നല്‍കിയത്. മര്‍ഹബ എന്ന പരിപാടിയും അവര്‍ക്ക് വേണ്ടി ചെയ്തതായിരുന്നു. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ മമ്മിക്കും ഡാഡിക്കും ആളെ ഇഷ്ടമായി. അത് വിവാഹാലോചനയിലുമെത്തുകയായിരുന്നു എന്നാണ് ഷംന പറയുന്നത്.
രണ്ടോ മൂന്നോ ആഴ്ച കൊണ്ട് എല്ലാം ഉറപ്പിച്ചു. ഉടനെ നിക്കാഹും നടത്തി. അന്ന് ഞങ്ങള്‍ ഫോട്ടോയും വീഡിയോയും ഒന്നും പുറത്തു വിട്ടിരുന്നില്ല. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം ക്ഷണിച്ചു കൊണ്ടുള്ള ചടങ്ങായിരുന്നു എന്നാണ് ഷംന വിവാഹത്തെക്കുറിച്ച് പറയുന്നത്. നിക്കാഹ് കഴിഞ്ഞാല്‍ ചെക്കനും പെണ്ണിനും ഒരുമിച്ച് താമസിക്കാം. അങ്ങനെ നിക്കാഹിന് ശേഷം താന്‍ ദുബായിലേക്ക് വരികയായിരുന്നു എന്നാണ് താരം പറയുന്നത്.
ജൂലായില്‍ മാലകെട്ടല്‍ ചടങ്ങ് നടത്തി. ഇത് വിവാഹ വിവാഹ നിശ്ചയമാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. ഉടനെ ഗര്‍ഭിണിയാണെന്ന് കൂടി അറിഞ്ഞതോടെ ഊഹാപോഹങ്ങളായി. അന്ന് നയന്‍താരയുടേയും ആലിയ ഭട്ടിന്റേയും ഗര്‍ഭ വിശേഷങ്ങള്‍ക്കൊപ്പം എന്റെ പേരും കയറി വന്നു. കല്യാണത്തിന് മുന്നേ ഗര്‍ഭിണിയാവേണ്ടായിരുന്നു എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകളുമെത്തി എന്നാണ് ഷംന ഓര്‍ക്കുന്നത്.
മുന്‍പായിരുന്നുവെങ്കില്‍ താന്‍ പ്രതികരിക്കുമായിരുന്നു. പക്ഷെ ഇപ്പോഴില്ല. ചര്‍ച്ചയാവാന്‍ ഒരു തലക്കെട്ടാമ് അവര്‍ക്ക് വേണ്ടതെങ്കില്‍ ആയിക്കോട്ടെ. ഇതിനൊക്കെയുള്ള വിശദീകരണം എന്റെ യൂട്യൂബ് ചാനലിലൂടെ നല്‍കിയതുമാണെന്ന് ഷംന കാസിം പറയുന്നു.
അതേസമയം വിവാഹം കഴിക്കാന്‍ വൈകിപ്പോയി എന്നാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്നും ഷംന പറയുന്നുണ്ട്. അതിന് കാരണം മകന്‍ ഹംദാനാണ്. മകന്‍ ഹംദാനൊപ്പമുള്ള നിമിഷങ്ങളാണ് ഏറ്റവും മനോഹരം. സിനിമ ധാരാളം നല്ല അനുഭവങ്ങള്‍ തന്നിട്ടുണ്ട്. എന്നാലും ബാക്കിയെല്ലാം ഞാന്‍ മറന്നു പോയിരിക്കുന്നു എന്നാണ് ഷംന കാസിം പറയുന്നത്. അമ്മയായ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത ഷംന തിരികെ വരികയും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

