ചതുരം എന്ന സിനിമയിലൂടെ കരിയർ ഗ്രാഫ് മാറിയ സ്വാസികയ്ക്ക് സിനിമാ രംഗത്ത് തിരക്കേറുകയാണ്. നെക്സ്റ്റ് ഡോർ ഗേൾ ഇമേജിൽ അറിയപ്പെട്ട സ്വാസിക ചതുരത്തിൽ അതീവ ഗ്ലാമറസയായാണ് എത്തിയത്. ചതുരത്തിലെ സ്വാസികയുടെ പ്രകടനം നിരൂപക പ്രശംസയും നേടി. സോഷ്യൽ മീഡിയയിൽ സ്വാസിക അടുത്ത കാലത്ത് ചർച്ചയായത് അഭിമുഖങ്ങളിലെ പരാമർശങ്ങൾ കാരണമാണ്. സിനിമാ രംഗത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് സ്വാസിക പങ്കുവെച്ച അഭിപ്രായങ്ങൾ വിമർശിക്കപ്പെട്ടു. നടിയുടെ വാദങ്ങൾ സ്ത്രീ വിരുദ്ധമാണെന്നായിരുന്നു വിമർശനം. എന്റെ അഭിപ്രായത്തിൽ നിന്നും പിന്നോട്ട് പോകാൻ സ്വാസിക തയ്യാറായില്ല. വിവേകാനന്ദൻ വൈറലാണ് ആണ് സ്വാസികയുടെ പുതിയ ചിത്രം.
ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് സ്വാസികയിപ്പോൾ. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സ്വാസിക. വിവാഹം വൈകാതെ നടന്നേക്കുമെന്ന സൂചനയാണ് സ്വാസിക നൽകുന്നത്. ഇന്ത്യൻ സിനിമാ ഗാലറിയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
തനിക്ക് വിവാഹം കഴിച്ച് ജീവിക്കാനാണ് ആഗ്രഹമെന്ന് സ്വാസിക പറയുന്നു. കല്യാണം എന്തായാലും കഴിക്കണം. എനിക്കതിൽ നിർബന്ധമുണ്ട്. കല്യാണം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. കൂടെ എന്റെയൊരാൾ വേണം. കല്യാണത്തെ എതിർക്കുകയോ പേടിക്കുകയോ ചെയ്യുന്ന ആളല്ല ഞാൻ. കല്യാണത്തിന് പേടിയാണെന്ന് എന്റെ സുഹൃത്തുക്കളൊക്കെ പറയും. പക്ഷെ എനിക്കൊരു പേടിയുമില്ല. കല്യാണത്തിന്റെ കാര്യങ്ങൾ നടക്കുന്നുണ്ട്. അറേഞ്ച്ഡ് മാര്യേജ് അല്ല. ലവ് മാര്യേജ് ആണ്.
ലിവിംഗ് ടുഗെദറിനോട് താൽപര്യമില്ല. എനിക്ക് എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചത് പോലെ തന്നെ ചെയ്യണം. എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രി കാലങ്ങളിലായിരിക്കും. ചെക്കൻ അക്കരെയായിരിക്കും. അപ്പൂപ്പൻ പുഴ കടന്ന് വരുമ്പോൾ അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരുന്നു. പണ്ട് നായർ തറവാടുകളിൽ അങ്ങനെയാണ് വിവാഹം നടന്നിരുന്നത്. ഇപ്പോൾ അങ്ങനെ വിവാഹമില്ല.
പക്ഷെ ഈ രീതിയിൽ വിവാഹം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും സ്വാസിക വ്യക്തമാക്കി. മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. ചെക്കന് നീന്തൽ അറിയുമോ എന്ന് ചോദിച്ചപ്പോൾ അതെയെന്നായിരുന്നു ചിരിച്ച് കൊണ്ട് സ്വാസികയുടെ മറുപടി. വിവാഹം കഴിഞ്ഞാലും അഭിനയിക്കാൻ താൽപര്യമുണ്ട്. പക്ഷെ ആളുകൾ ഇനി വിളിക്കുമോ ഇല്ലയോ എന്നത് അറിയില്ലെന്നും സ്വാസിക ചൂണ്ടിക്കാട്ടി.
നേരത്തെയും വിവാഹ സങ്കൽപ്പത്തെക്കുറിച്ച് സ്വാസിക സംസാരിച്ചിട്ടുണ്ട്. ഭർത്താവിന്റെ കാല് തൊട്ട് വണങ്ങുന്ന ഭാര്യയാകാനാണ് തനിക്കിഷ്ടമെന്നും വിവാഹശേഷം ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനാണ് താൽപര്യമെന്നും സ്വാസിക പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ജനുവരി 19 നാണ് സ്വാസികയുടെ പുതിയ ചിത്രം വിവേകാനന്ദൻ വൈറലാണ് റിലീസ് ചെയ്യുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

