ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ; സിനിമാ കരിയർ അവസാനിപ്പിക്കുന്നുവെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ

സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.

‘ഞാൻ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും.’ അൽഫോൻസ് പുത്രൻ കുറിച്ചു.

ആരാധകരടക്കം നിരവധിപ്പേരാണ് അൽഫോൻസിന്റെ പോസ്റ്റിൽ കമന്റുകളുമായി എത്തുന്നത്. സ്വയമൊരു തീരുമാനമെടുക്കാതെ ഡോക്ടറുടെ സഹായത്തോടെ കൃത്യമായി രോഗ നിർണയം നടത്തൂ എന്നാണ് ആരാധകർ പറയുന്നത്. ”അടിപൊളി ആയി തിരിച്ചു വരും. നിങ്ങൾക്ക് അതിനു പറ്റും. നിങ്ങൾക്കേ പറ്റൂ.” എന്നും ചിലർ കമന്റ് ചെയ്യുന്നു. സംഭവം ചർച്ചയായതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പോസ്റ്റ് അൽഫോൻസ് പിന്നീട് നീക്കം ചെയ്തു. ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ (ASD) തലച്ചോറിലെ ചില  വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ്. 

ഗിഫ്റ്റ് എന്ന തമിഴ് ചിത്രമാണ് അൽഫോൻസിന്റെ പുതിയ പ്രോജക്ട്. ഈ സിനിമയുടെ  കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ഗ്രേഡിങ് എന്നിവയും അൽഫോൻസാണ്. ഡാൻസ് കൊറിയോഗ്രാഫറായ സാൻഡിയാണ് നായകൻ. കോവൈ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply