പ്രേമലുവിന്റെ വൻ വിജയത്തോടെ മമിത ബൈജു യുവതാരറാണിയായി മാറിയിരിക്കുകയാണ്. പ്രേമലുവിന്റെ വിജയത്തിനു ശേഷം നിരവധി ഓഫറുകളാണ് താരത്തെ തേടിയെത്തുന്നത്. ഓപ്പറേഷൻ ജാവ, സൂപ്പർ ശരണ്യ, ഖോഖോ ചിത്രങ്ങളിലൂടെ പുതുമയുടെ വൈബ് നിറച്ച താരമാണ് മമിത. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ തന്റെ സ്വഭാവവുമായി ഏറ്റവും ചേർന്നുനിൽക്കുന്നത് പ്രേമലുവിലെ റീനുവാണെന്ന് മമിത പറയുന്നു.
പ്രേമലുവിലെ റീനു ഐടി പ്രഫഷണലാണ്. ഡിഗ്രി കഴിഞ്ഞ് ഐടി ജോലിയിലെത്തുന്ന ഘട്ടമാണ് കഥയിൽ വരുന്നത്. എന്റെ സംസാര ശൈലിയും പെരുമാറ്റവും ഞാൻ ഡ്രസ് ചെയ്യുന്ന രീതിയുമൊക്കെ മതിയെന്നും കഥാപാത്രത്തിനായി മറ്റൊന്നും ചെയ്യേണ്ടെന്നും സംവിധായകൻ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേക തയാറെടുപ്പുകൾ വേണ്ടിവന്നില്ല.
സൂപ്പർ ശരണ്യയിൽ എനിക്കും നസ്ലിനും കോംബിനേഷൻ താരതമ്യേന കുറവായിരുന്നു. ഇതിൽ കോംബോയുണ്ട്. പരിചയമുള്ളതിനാൽ ഒപ്പം വർക്ക് ചെയ്യാൻ ഏറെ കംഫർട്ടബിളായിരുന്നു. നല്ല ഗിവ് ആൻഡ് ടേക്കാണ്. നല്ല കോ ആർട്ടിസ്റ്റാണ്. ഞാൻ എന്തെങ്കിലും തെറ്റിച്ചാൽ പോലും എല്ലാം പറഞ്ഞ് ഓകെയാക്കി, കൂളാക്കിയാണ് അടുത്ത സീനുകളിലേക്കു പോവുക.
തിരക്കഥ, കഥാപാത്രം, നല്ല ക്രൂവാണോ, എന്റെ കഥാപാത്രം ആ സിനിമയ്ക്ക് എത്രത്തോളം പ്രധാനമാണ് തുടങ്ങിയ കാര്യങ്ങളാണ് സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്നത്. സിനിമയിലെത്തിയപ്പോൾ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇവിടംവരെ എത്താനായതു ഭാഗ്യം. സ്ഥിരമായി ഒരേതരം വേഷങ്ങൾ തന്നെ ചെയ്യേണ്ടിവരുമോ എന്ന പേടിയില്ല. ഏതുതരം കഥാപാത്രമായാലും കുഴപ്പമില്ല. ആ കഥാപാത്രത്തോടു നീതിപുലർത്താനാകുമോ, ആ വേഷം അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം എനിക്കുണ്ടോ എന്നൊക്കെ നോക്കി വ്യത്യസ്തമായ സിനിമകളും വേഷങ്ങളും ചെയ്യാൻ ശ്രമിക്കും- മമിത പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

