എന്റെ ആഗ്രഹത്തെ വഴിതിരിച്ചുവിടാന്‍ മനസ് ഒരുക്കമായിരുന്നില്ല: ലക്ഷ്മി ഗോപാലസ്വാമി

ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ സിനിമാ അരങ്ങേറ്റം. മലയാള സിനിമയിലെ വിജയമാണ് കന്നട സിനിമകളിലേക്കും ലക്ഷ്മിയ്ക്ക് അവസരം ഒരുക്കിയത്. കർണാടക സ്വദേശിയായ ലക്ഷ്മി ഭരതനാട്യത്തിൽ പ്രാഗത്ഭ്യം നേടിയ ഒരു ക്ലാസിക്കൽ നര്‍ത്തകി കൂടിയാണ്. 

കന്നട, തമിഴ്, മലയാളം സിനിമകളിൽ അഭിനയിക്കുന്ന ലക്ഷ്മിയ്ക്ക് കർണാടക സർക്കാരിന്റെയും കേരള സർക്കാറിന്റെയും സംസ്ഥാനപുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവിവാഹിതയാണ് നടി. നടിയുടെ വിവാഹത്തെപ്പറ്റി ഒട്ടേറെ വ്യാജ വാർത്തകൾ ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.

നടൻ മുകേഷുമായി വിവാഹം എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി തന്നെ രംഗത്ത് വന്നിരുന്നു. മലയാളത്തിൽ വളരെ സെലക്ടീവായി മാത്രമാണ് ലക്ഷ്മി അഭിനയിക്കുന്നത്. സിനിമയിൽ വന്നശേഷം ലക്ഷ്മി ഏറ്റവും കൂടുതൽ നേരിടുന്ന ചോദ്യം വിവാഹം, മക്കൾ, കുടുംബം എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ്.

ഇപ്പോഴിതാ ​ഒരു അഭിമുഖത്തിൽ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും വിവാഹം വേണ്ടായെന്ന തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും വെളിപ്പെടുത്തി നടി. അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴിയെന്ന് താരം പറയുന്നു. ‘എന്തുകൊണ്ട് മലയാള സിനിമയിലേക്ക് വരുന്നില്ല സെലക്റ്റീവായോ എന്നെല്ലാം പലരും ചോദിക്കുന്നു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ പ്രശ്‌നമാണ്.’

‘നാല്‍പ്പത്തിയഞ്ച് കഴിഞ്ഞ അഭിനേത്രികള്‍ക്കെല്ലാം ഈ പ്രയാസമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അമ്മവേഷങ്ങള്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ ഇതുവരെ ചെയ്ത വേഷങ്ങളിലൂടെ പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തുന്ന കഥാപാത്രങ്ങളുമായി മാത്രം ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ മതിയെന്നാണ് തീരുമാനം. യാത്രകള്‍ക്കിടെ കാണുമ്പോള്‍ ഫോട്ടോയെടുക്കാന്‍ ഓടിയെത്തുന്നവരില്‍ അധികവും മലയാളികളാണ്.’

‘ചില സിനിമകളില്‍ കഥാപാത്രങ്ങളായി എന്റെ മുഖം അവര്‍ സങ്കൽപിച്ചിരുന്നെന്നും ആ വേഷം ഞാന്‍ ചെയ്താല്‍ നന്നായേനെയെന്നും അവര്‍ പറയുമ്പോള്‍ മനസില്‍ സന്തോഷം നിറയും. മലയാളസിനിമയില്‍ എത്തിയശേഷമാണ് കേരളീയ ആഘോഷങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത്. അരയന്നങ്ങളുടെ വീട് സിനിമയില്‍ അഭിനയിക്കാനെത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു തിരുവോണം. അന്ന് ആദ്യമായി ഓണസദ്യ കഴിച്ചു. മമ്മൂക്കയാണ് വിളമ്പിത്തന്നത്.’

‘നൃത്തവും അഭിനയവുമാണ് എന്റെ ജീവിതമെന്ന് ഞാന്‍ എത്രയോ മുമ്പെ തീരുമാനിച്ചുറപ്പിച്ചിരുന്നു. വിവാഹപ്രായമായപ്പോള്‍ സ്വാഭാവികമായും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സമ്മര്‍ദങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി എന്റെ ആഗ്രഹത്തെ വഴിതിരിച്ചുവിടാന്‍ മനസ് ഒരുക്കമായിരുന്നില്ല. അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല എന്റെ വഴിയെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്.’

‘അവരോടെനിക്ക് സ്‌നേഹവും ബഹുമാനവുമാണ്. അവര്‍ അങ്ങനെയും ഞാനിങ്ങനെയും ജീവിക്കട്ടെ. സ്ത്രീകള്‍ക്ക് വിവാഹം കഴിച്ചും കഴിക്കാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇന്ന് അവിവാഹിതയായി തുടരാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികളെയും സ്ത്രീകളെയും എനിക്കറിയാം. ഞാനത്തരമൊരു തീരുമാനമെടുത്തകാലത്ത് ആ വഴിക്ക് നീങ്ങുന്നവര്‍ താരതമ്യേന കുറവായിരുന്നുവെന്ന് മാത്രം.’

‘സാമ്പത്തിക സുരക്ഷിതത്വമാണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമെന്ന് അന്നും ഇന്നും വിശ്വസിക്കുന്നു. സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാമ്പത്തികഭദ്രത ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ നമുക്ക് നമ്മെക്കുറിച്ചുതന്നെ അഭിമാനമുണ്ടാകും. അവിവാഹിതയായി തുടരുന്നതില്‍ സന്തോഷവതിയാണ്. എന്റെ ലോകത്ത് ഞാന്‍ തിരക്കിലാണെന്ന്’, ലക്ഷ്മി ​ഗോപാലസ്വാമി പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply