ബോളിവുഡിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍. അഭിനയ മികവ് തന്നെയാണ് രണ്‍ബീറിന്റെ കരുത്ത്. സിനിമകളെപ്പോലെ തന്നെ രണ്‍ബീറിന്റെ വ്യക്തിജീവിതവും വലിയ ചര്‍ച്ചയായിട്ടുണ്ട്. നടിമാരുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം വലിയ വിവാദമായി. ഈ പ്രശ്‌നങ്ങളെല്ലാം തനിക്ക് പുതിയ പേരുകള്‍ ചാര്‍ത്തി തന്നുവെന്ന് രണ്‍ബീര്‍ പറയുന്നു. നിഖില്‍ കാമത്തിന്റെ പോഡ് കാസ്റ്റിലാണ് താരം മനസ്സുതുറന്നത്.
”ബോളിവുഡിലെ രണ്ട് മുന്‍നിര നായികമാരുമായി എനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഞാന്‍ കാസനോവ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. എന്നെ വഞ്ചകനായി ചിത്രീകരിച്ചു. ഇപ്പോഴും അങ്ങനെയാണ് അറിയപ്പെടുന്നത്. ”
ദീപിക പദുക്കോണും കത്രീന കൈഫുമാണ് രണ്‍ബീര്‍ ഉദ്ദേശിച്ച നായികമാര്‍. ബച്ച്‌നാ ഹേ ഹസീനോ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം ദീപികയുമായി രണ്‍ബീര്‍ പ്രണയത്തിലായി. ഒരു വര്‍ഷത്തിന് ശേഷം അവര്‍ വേര്‍പിരിഞ്ഞു. താന്‍ ചതിക്കപ്പെടുകയായിരുന്നു എന്ന് ദീപിക രണ്‍ബീറിന്റെ പേരെടുത്ത് പറയാതെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അജബ് പ്രേം കി ഹലബ് കഹാനി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കത്രീന കൈഫുമായി രണ്‍ബീര്‍ പ്രണയത്തിലായതിന് ശേഷമാണ് ദീപികയുമായി പിരിഞ്ഞത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം കത്രീനയും രണ്‍ബീറും വേര്‍പിരിഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം സഹതാരം രണ്‍ബീര്‍ സിംഗുമായി ദീപിക പ്രണയത്തിലായി. 2018 ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. 2019 ല്‍ നടന്‍ വിക്കി കൗശലുമായി കത്രീന പ്രണയത്തിലായി. 2021 ല്‍ അവര്‍ വിവാഹിതരായി. പ്രണയത്തകര്‍ച്ചയ്ക്ക് ശേഷവും ദീപികയ്‌ക്കൊപ്പവും കത്രീനയ്‌ക്കൊപ്പവും രണ്‍ബീര്‍ സിനിമകളില്‍ അഭിനയിച്ചു. ജഗ്ഗാ ജാസൂസിന്റെ പ്രമോഷന്‍ വേളയില്‍ രണ്‍ബീറും കത്രീനയും പരസ്യമായി വഴക്കിട്ടത് വലിയ വിവാദമായിരുന്നു. 2022 ല്‍ രണ്‍ബീര്‍ നടി ആലിയ ഭട്ടിനെ വിവാഹം ചെയ്തു. അതേ വര്‍ഷം തന്നെ അവര്‍ക്ക് ഒരു മകള്‍ ജനിച്ചു. റാഹ എന്നാണ് കുഞ്ഞിന്റെ പേര്.
പിതാവ് ഋഷി കപൂറുമായുള്ള ബന്ധത്തെക്കുറിച്ചും രണ്‍ബീര്‍ പറഞ്ഞു. ”എന്റെ പിതാവിന് മുന്‍കോപം കൂടുതലായിരുന്നു. പക്ഷേ നല്ല മനുഷ്യനായിരുന്നു.എനിക്കൊരിക്കലും അദ്ദേഹവുമായി വിയോജിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് അദ്ദേഹത്തോട് നോ പറയാനാകില്ല. അദ്ദേഹത്തിന് മുന്നില്‍ താടി ഉയര്‍ത്തി നിന്നിട്ടില്ല. ഞാന്‍ ഒരിക്കലും എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കില്ല, പെട്ടെന്ന് കരയാറുമില്ല”- രണ്‍ബീര്‍ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

