എംജിആറിനെ കാണാൻ ഹോട്ടലിന്റെ മുന്നിൽ നിൽക്കും, ഒരിക്കൽ സ്‌കൂളിന്റെ അഡ്രസ് വാങ്ങിച്ചു; കോവൈ സരള

തമിഴ് സിനിമയിൽ കോമഡി വേഷങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്ന നടിയാണ് കോവൈ സരള. ഒരു പിടി നല്ല കോമഡി കഥാപാത്രങ്ങൾ ചെയ്ത കോവൈ സരള മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. നിറം, കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലും മലയാളത്തിൽ കോവൈ സരള വേഷമിട്ടു. മലയാൽയായ കോവൈ സരള തൃശൂർ മരുതാക്കരയാണ് ജനിച്ചത്. കേരളത്തിൽ വരുമ്പോൾ സ്ഥിരമായി ഗുരുവായൂരിൽ വന്ന് തൊഴുന്ന ആളുമാണ് കോവൈ സരള.

കുട്ടിയായിരുന്നപ്പോൾ എം.ജി.ആറിനോട് വലിയ ആരാധനയുള്ള വ്യക്തിയായിരുന്നു കോവൈ സരള. എംജിആർ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിയത് വലി സന്തോഷമുള്ള കാര്യമാണെന്ന് കോവൈ സരള മുന്നെ പറഞ്ഞിട്ടുണ്ട്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കോവൈ സരള എംജിആറിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തമിഴിൽ അക്കാലത്ത് എംജിആറിനും ശിവാജിക്കുമൊക്കെ വലിയ ആരാധക കൂട്ടം തന്നെ ഉള്ള സമയമാണ്. താൻ അന്ന് വലിയ എംജിആർ ഫാൻ ആയിരുന്നു. എം.ജി.ആറിനെ വലിയ ഇഷ്ടമായിരുന്നു. ഒരു അഞ്ചാം ക്ലാസ് ഒക്കെ തൊട്ട് അദ്ദേഹത്തിന്റെ ആരാധികയാണ്. ആ സമയത്താണ് എംജിആർ പുതിയ രാഷ്ട്രീയ പാർട്ടി ഒക്കെ തുടങ്ങുന്നത്. കോയമ്പത്തൂരിലെ അലങ്കാർ ഹോട്ടലിൽ അന്ന് പുള്ളി വരും. അന്ന് അദ്ദേഹത്തെ കാണാൻ വേണ്ടി രാവിലെ എഴുന്നേറ്റ് റെഡി ആയി ഏഴ് മണി ഒക്കെ കഴിയുമ്പോൾ സ്‌കൂൾ യൂണിഫോം ഒക്കെ ഇട്ട് ഹോട്ടലിന്റെ മുന്നിൽ പോയി നിൽക്കും. അദ്ദേഹം പോവുമ്പോൾ എന്നും റ്റാറ്റ കാണിച്ചിട്ട് പോകും. അദ്ദേഹം പോയി കഴിഞ്ഞ് സ്‌കൂളിലും പോകുമെന്ന് കോവൈ സരള ഓർത്തെടുക്കുന്നു.

‘ഒരു സമയത്ത് എംജിആർ പത്ത് ദിവസം അടുപ്പിച്ചോ മറ്റോ ആ ഹോട്ടലിൽ ഉണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ എന്നെ കണ്ടിട്ട് അദ്ദേഹം ഈ കുട്ടി ആരാണെന്ന് അന്വേഷിച്ച് ഒരു ദിവസം എന്നെ അടുത്തേക്ക് വിളിച്ചു. ഞാൻ ശരിക്കും പേടിച്ചു പോയി. എന്താണ് പേര് എന്ന് ചോദിച്ചു. സരള കുമാരി എന്നാണെന്ന് അദ്ദേഹത്തോട് മറുപടി പറഞ്ഞു. എവിടെയാ പഠിക്കുന്നത്? സ്‌കൂളിൽ പോയില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇല്ല, നിങ്ങളെ നോക്കാൻ വേണ്ടി വന്നതാണെന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ അദ്ദേഹം സ്‌കൂളിന്റെ അഡ്രസ് ഒക്കെ വാങ്ങിച്ചു. ഞാൻ ആകെ പേടിച്ചു പോയി. പുള്ളി പോയി വല്ല പരാതിയും പറയുമോ എന്നൊക്കെ ആലോചിച്ചു.

പക്ഷെ അടുത്ത വർഷം മുതൽ അദ്ദേഹം എനിക്ക് പഠിക്കാൻ ഫീസ് അയക്കുകയാണ് ചെയ്തത്. ഇത് വലിയ ഷോക്ക് ആയിരുന്നു. എം ജി ആർ പഠിപ്പിക്കുന്ന കുട്ടി എന്ന് പറഞ്ഞ് സ്‌കൂളിൽ അപ്പോൾ തന്നെ ഞാൻ ഭയങ്കര ഫേമസ് ആയി തുടങ്ങി. അങ്ങനെ ഒരു പത്താം ക്ലാസ് വരെ അദ്ദേഹം എനിക്ക് പഠിക്കാനുള്ള പൈസ അയച്ചു തരുന്നുണ്ടായിരുന്നു,’ കോവൈ സരള പറഞ്ഞു.

അന്ന് അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തോട് എനിക്ക് സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത്, നീ ആദ്യം പഠിക്ക്, എന്നിട്ട് നിന്നെ ഞാൻ സിനിമയിൽ കൊണ്ടു വരാം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും കോവൈ സരള പറയുന്നു.

നടൻ ഭാഗ്യരാജ് സർ തങ്ങളുടെ വീടിന് അടുത്തായിരുന്നു. ഫാമിലി ഫ്രണ്ടുമായിരുന്നു. തനിക്ക് അഭിനയത്തിൽ ഒക്കെ താത്പര്യമുള്ള കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരിക്കൽ അച്ഛന് വയ്യാതിരിക്കുന്ന സമയത്ത് അദ്ദേഹം വീട്ടിൽ കാണാൻ വന്നു. അന്ന് എന്നോട് എന്താണ് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു. അന്ന് ഞാൻ ടൈപ്പ്റൈറ്റിംഗ് ഒക്കെ ചെയ്ത് നിൽക്കുന്ന സമയമാണ്.

ഒരു സിനിമയിൽ അഭിനയിക്കാമോ എന്ന് ചോദിച്ചു. അതാണ് അഭിനയത്തിന്റെ തുടക്കം. ‘നിങ്ങളല്ലേ എന്നെ ഹീറോയിൻ ആക്കാം എന്നൊക്കെ പറഞ്ഞിരുന്നത്’ എന്ന് അന്ന് ഞാൻ അപ്പോൾ തിരിച്ച് ചോദിച്ചു. അങ്ങനെ ഒരു സിനിമയിൽ വേഷം തന്നു. അതിൽ ഉർവശി ഉണ്ടായിരുന്നു. അവരായിരുന്നു നായിക. അന്ന് പക്ഷെ ഞങ്ങൾക്ക് പരിചയമില്ല എന്നും കോവൈ സരള ഓർത്തെടുക്കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply