എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നു നിർമിക്കുന്ന എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊട്ടാരക്കരയിൽ ആരംഭിച്ചു. നടനും എംഎൽഎയുമായ ഗണേഷ് കുമാർ സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ ഉർവശി, തിരക്കഥാകൃത്ത് സജീവ് പാഴൂർ എന്നിവർ ചേർന്ന് ആദ്യ ക്ലാപ്പടിച്ചു.
ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവശി അവതരിപ്പിക്കുന്നു. സിനിമയുടെ പേരിലെ കൗതുകവും ഉർവശിയുടെ കഥാപാത്രവും തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്.
കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ, കിഷോർ, നോബി, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

