‘ആ മുഖത്ത് ഒരു സെക്കന്റിൽ മിന്നിമറയുന്ന ഭാവങ്ങൾ ഞാൻ നോക്കി നിന്നു; ആ ഷോട്ട് ഉപയോഗിച്ചില്ല’; വിന്ദുജ

പലരും വീണ്ടും കാണാൻ മടിക്കുന്ന ഒരു ക്ലൈമാക്‌സാണ് മോഹൻലാൽ സിനിമയായ പവിത്രത്തിലേത്. മോഹൻലാൽ എന്ന അതുല്യ നടന്റെ പകർന്നാട്ടമാണ് പവിത്രം ക്ലൈമാക്‌സിനോട് അടുക്കുമ്പോൾ പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. മനസിൽ ഒരു വിങ്ങലോടെ അല്ലാതെ കണ്ട് തീർക്കാൻ കഴിയാത്ത സിനിമയാണ് പവിത്രമെന്നാണ് ഒട്ടുമിക്ക സിനിമാപ്രേമികളും പറയാറുള്ളത്.

ഇപ്പോഴിതാ പവിത്രത്തിൽ മോഹൻലാലിന്റെ കുഞ്ഞുപെങ്ങളായ മീനാക്ഷിയായി വേഷമിട്ട നടി വിന്ദുജ മേനോൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഇുപ്പോഴും മോഹൻലാലിനെ ചേട്ടച്ഛാ എന്ന് വിളിക്കുന്ന ഒരേയൊരു വ്യക്തി വിന്ദുജ മാത്രമായിരിക്കും.

പവിത്രം ഷൂട്ടിങിനിടെ മോഹൻലാലിന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ നോക്കി നിന്ന് ഡയലോഗ് പറയാൻ മറന്നുപോയിട്ടുണ്ടെന്ന് പറയുകയാണ് വിന്ദുജ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ. ഒരു സെക്കന്റിൽ അത്രയേറെ ഭാവങ്ങളാണ് മോഹൻലാലിന്റെ മുഖത്ത് മിന്നിമായുന്നതെന്നും വിന്ദുജ പറയുന്നു.

‘പവിത്രം സിനിമയുടെ ഷൂട്ടിനിടയിൽ എന്റെ ഓർമയിൽ ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്ന ഒരേയൊരു സമയേയുള്ളു. അത് അരങ്ങേറ്റ സമയത്ത് കാലിൽ ആണി കുത്തിക്കേറുന്ന സീനാണ്. മീനാക്ഷിയോടുള്ള പൊസസീവ്‌നെസ്സാണ് ചേട്ടച്ഛനെ ഇങ്ങനെയൊക്കെ മാറ്റുന്നത്. അതുകൊണ്ട് തന്നെ ആണി കുത്തിയെന്ന് അറിയുമ്പോഴുള്ള സീനിലും അതെല്ലാം കാണാം.’

‘ഞാൻ ആണി കാലിൽ കുത്തികയറി ഇരിക്കുമ്പോൾ ഫസ്റ്റ് ഷോട്ടിൽ അദ്ദേഹം ഒരു റിയാക്ഷൻ കാണിച്ചു. ഞാൻ അതുകണ്ട് ഒരു സെക്കന്റിൽ എന്തൊക്കെ ഭാവങ്ങളാണ് ഇദ്ദേഹത്തിന്റെ മുഖത്ത് മിന്നിമായുന്നതെന്ന് ആലോചിച്ച് നിന്നു. അടുത്ത് നിന്ന് ആ ഭാവമാറ്റം കാണുമ്പോൾ നമ്മൾ മറ്റൊരു ലോകത്ത് എത്തുന്നത് പോലെ തോന്നും.’

‘അത് നോക്കി വാ പൊളിച്ച് നിന്നതുകൊണ്ട് ഒരു സെക്കന്റ് എടുത്തിട്ടാണ് ഞാൻ ഡയലോഗ് പറഞ്ഞത്. രാജീവേട്ടൻ വിളിച്ചപ്പോഴാണ് ഡയലോഗ് പറയേണ്ട കാര്യം ഞാൻ ഓർത്തത്. ഞാൻ ഡയലോഗ് പറയാൻ ടൈം എടുത്തതിനാൽ ആ ഷോട്ട് സിനിമയിൽ ഉപയോഗിക്കാൻ പറ്റില്ല. ഞാൻ കാരണമാണല്ലോ അദ്ദേഹത്തിന്റെ ആ ഷോട്ട് ഉപയോഗിക്കാൻ പറ്റാതെ പോയത് എന്നതിൽ എനിക്ക് സങ്കടമുണ്ട്’, എന്നാണ് വിന്ദുജ അനുഭവം വെളിപ്പെടുത്തി പറഞ്ഞത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply