‘അവര്‍ എന്നെ മേക്കപ്പ് മുറിയില്‍ പൂട്ടിയിട്ടു’: വെളിപ്പെടുത്തി നടി കൃഷ്ണ

ഷൂട്ടിങ് സെറ്റില്‍ വച്ച്‌ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി കൃഷ്ണ മുഖര്‍ജി. യേ ഹേ മുഹബത്തേന്‍ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ കൃഷ്ണ ഇപ്പോഴിതാ ശുഭ് ശകുന്റെ സെറ്റില്‍ വച്ചുണ്ടായ ദുരനുഭവങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

കൃഷ്ണ നായികയായി എത്തുന്ന പരമ്പരയാണ് ശുഭ് ശകുന്‍. നിര്‍മ്മാതാവും നിര്‍മ്മാണക്കമ്പനിയും കഴിഞ്ഞ കുറേ നാളുകളായി തന്നെ വേട്ടയാടുകയാണെന്നാണ് കൃഷ്ണ പറയുന്നത്. നിര്‍മ്മാതാവിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു കൃഷ്ണയുടെ തുറന്നു പറച്ചില്‍.

‘മനസ് തുറക്കാനുള്ള ധൈര്യം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. പക്ഷെ ഇനി ഒതുക്കി വെക്കേണ്ടതില്ലെന്ന് ഇന്ന് ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി കഠിനമായ പ്രതിസന്ധികളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. എനിക്ക് വിഷാദവും ആക്‌സൈറ്റിയും അനുഭവിക്കേണ്ടി വന്നു. ഒറ്റയ്ക്കായിപ്പോയതോടെ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. എല്ലാം തുടങ്ങുന്നത് എന്റെ ഏറ്റവും ഒടുവിലത്തെ പരമ്പരയായ ശുഭ് ശകുന്‍ ആരംഭിക്കുന്നതോടെയാണ്.

എന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു അത്. ഞാനത് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല, പക്ഷെ മറ്റുള്ളവരുടെ വാക്ക് കേട്ട് തയ്യാറാവുകയായിരുന്നു. നിര്‍മ്മാണക്കമ്ബനിയും നിര്‍മ്മാതാവ് കുന്ദന്‍ സിംഗും എന്നെ പലവട്ടം അപമാനിച്ചു.

ഒരിക്കല്‍ അവര്‍ എന്നെ മേക്കപ്പ് മുറിയില്‍ പൂട്ടിയിട്ടു. എനിക്ക് സുഖമില്ലായിരുന്നു. അതിനാല്‍ ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞതിനായിരുന്നു. അവര്‍ എനിക്ക് പ്രതിഫലം നല്‍കുന്നതുമുണ്ടായിരുന്നില്ല. ഞാന്‍ വസ്ത്രം മാറുമ്പോള്‍ അവര്‍ വാതില്‍ പൊളിഞ്ഞു പോകുന്ന തരത്തില്‍ ഇടിച്ച്‌ ശബ്ദമുണ്ടാക്കുകയായിരുന്നു.

അഞ്ച് മാസം അവര്‍ എനിക്ക് പ്രതിഫലം തന്നില്ല. അത് വലിയൊരു തുക തന്നെയായിരുന്നു. ഞാന്‍ നിര്‍മ്മാണ കമ്പനിയുടേയും ചാനലിന്റേയും ഓഫീസില്‍ പലവട്ടം പോയി നോക്കി. പക്ഷെ അവര്‍ എന്നെ കേട്ടതേയില്ല”.

നിര്‍മ്മാതാവ് പലവട്ടം ഭീഷണിപ്പെടുത്തി. അതോടെ താന്‍ ഭയന്നു പോയി. പലരോടും സഹായം ചോദിച്ചുവെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. ഈ സംഭവങ്ങളെ തുടര്‍ന്നാണ് താന്‍ മറ്റൊരു പരമ്പരയും ചെയ്യാന്‍ ഇപ്പോള്‍ തയ്യാറാകാത്തത്. ഇതെഴുതുമ്പോള്‍ എന്റെ കൈകള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ട്. പക്ഷെ എനിക്കിത് ചെയ്‌തേ തീരൂ. ഇത് മൂലം ഞാന്‍ ഡിപ്രഷനും ആങ്‌സൈറ്റിയും അനുഭവിക്കുന്നുണ്ട്.

വികാരങ്ങള്‍ അടക്കിവച്ച്‌ നല്ല വശങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നത്. പക്ഷെ ഇതാണ് സത്യം. എന്നെ അവര്‍ അപായപ്പെടുത്തുമോ എന്ന പേടി കാരണം ഇതൊന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് എന്റെ വീട്ടുകാര്‍ പറയാറുണ്ട്. പക്ഷെ ഞാനെന്തിന് ഭയക്കണം? ഇത് എന്റെ അവകാശമാണ്. എനിക്ക് നീതി വേണം’- കൃഷ്ണ പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply