അബ്ദുൽ റഹീമിന്റെ മോചനവും യാചകയാത്രയും സിനിമയാക്കും; ലാഭം ചാരിറ്റിക്കെന്ന് ബോബി ചെമ്മണ്ണൂർ

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചു. പോസറ്റീവ് മറുപടിയാണ് ലഭിച്ചത്. ചിത്രത്തെ ബിസിനസ് ആക്കാൻ ഉദ്ദേശിക്കുന്നില്ല. സിനിമയിൽ നിന്നും ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.

യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ നിരപരാധി ആണോ എന്ന് അന്വേഹിക്കുന്നുണ്ട്. അവർ തെറ്റുകാരിയാണോ എന്ന കാര്യം അറിയണം. നിജ സ്ഥിതി അറിഞ്ഞ ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും. അബ്ദുൽ റഹീമിന്റെ മതം നോക്കിയല്ല സഹായിക്കാൻ ഇറങ്ങിയതെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.

കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീം കഴിഞ്ഞ 18 വർഷമായി സൗദിയിൽ ജയിലിൽ കഴിയുകയാണ്. സ്‌പോൺസറുടെ മകൻറെ മരണത്തിന് കാരണക്കാരനായെന്ന കുറ്റത്തിനാണ് അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി കാറിൽ വച്ച് അസ്വസ്ഥത കാണിച്ചപ്പോൾ സഹായത്തിനെത്തിയ അബ്ദുൽറഹീമിൻറെ കൈതട്ടി കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണം നിലച്ചുപോയി. ഇതാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചന ദ്രവ്യം നൽകിയാൽ വധ ശിക്ഷയിൽ നിന്ന് രക്ഷ നേടാമെന്ന് കുടുംബം അറിയിച്ചതോടെയാണ് മലയാളികളൊന്നാകെ അബ്ദുൽ റഹീമിന്റെ മോചനത്തിനായി കൈകോർത്തത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply