വിജി തമ്പിയുടെ സംവിധാനത്തിൽ 1989ൽ പുറത്തിറങ്ങിയ ചിത്രമാണ് ന്യൂഇയർ. സുരേഷ് ഗോപി, ജയറാം, ഉർവശി, സുകുമാരൻ, സിൽക് സ്മിത, ബാബു ആന്റണി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് ശിവനായിരുന്നു ക്യാമറാമാൻ. ഇപ്പോഴിതാ സിനിമയുടെ ഒരു പിന്നണിക്കഥ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് വിജി തമ്പി.
‘ഒരുദിവസം വൈകിട്ട് സുകുവേട്ടൻ എന്റെ മുറിയിലേക്ക് വന്നു. ഇവിടൊരു ഇഷ്യൂ നടക്കുന്നതായിട്ട് ഞാൻ അറിഞ്ഞല്ലോ ആ സുരേഷ് ഗോപി, അവൻ വരില്ല, വരാൻ ലേറ്റാകുമെന്നൊക്കെ പറയുന്നതു കേട്ടൂ. ശരിയാണ്, ചിലപ്പോൾ ഷൂട്ടിംഗ് ഒന്നുരണ്ട് ദിവസം ബ്രേക്ക് ചെയ്യേണ്ടി വരുമെന്ന് ഞാൻ മറുപടി നൽകി. ഹേയ്, അതിന്റെയൊന്നും ആവശ്യമില്ല തമ്പി. സ്‌ക്രിപ്ടൊക്കെ ഞാൻ വായിച്ചതാ. അവന്റെ റോൾ അവനേക്കാൾ ഗംഭീരമായി ഞാൻ ചെയ്യാം. എന്റെ വേഷം അവന് കൊടുക്ക്. കേട്ടുകഴിഞ്ഞ് ഞാൻ പറഞ്ഞു, സുകുവേട്ടാ ഗംഭീരമായ അഭിപ്രായമാണ് പറഞ്ഞത്. പക്ഷേ 10 വർഷം മുമ്പ് പറയണമായിരുന്നു. ഇന്ന് സുകുവേട്ടന്റെ ഇമേജ് മാറി. അതുകൊണ്ട് സുരേഷ് ചെയ്താലേ ശരിയാവൂ. സുരേഷ് ചെയ്തില്ലെങ്കിൽ ഞാൻ ഈ പടം ചെയ്യില്ല. സുകുവേട്ടൻ നിരാശനായാണ് മടങ്ങിയത്”.
ചിത്രത്തിലെ ഒരു ഷൂട്ടിംഗ് രംഗത്തെ കുറിച്ചും വിജി തമ്പി വിശദമാക്കുന്നുണ്ട്. റിഹേഴ്സൽ അധികരിച്ചപ്പോൾ സുരേഷ് ഗോപിയെ സുകുമാരൻ ശകാരിച്ചു. തുടർന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സുരേഷ് മുറിയിലേക്ക് പോയത്. തുടർന്ന് ഷൂട്ടിംഗ് മുടങ്ങുമെന്ന ഘട്ടത്തിൽ നടൻ കുഞ്ചൻ ഇടപെട്ട് സുകുമാരനെ കൊണ്ട് മാപ്പ് പറയിക്കുകയായിരുന്നുവെന്നും വിജി തമ്പി വെളിപ്പെടുത്തുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

