മലയാള സിനിമയുടെ ഇതിഹാസ താരം സത്യനെ അനുകരിക്കുന്നവർക്ക് വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മകൻ സതീഷ് സത്യൻ.മിമിക്രി കലാകാരന്മാർ സത്യനെ അനുകരിക്കുന്നത് ശരിയായ രീതിയലല്ലെന്നാണ് സതീഷ് സത്യൻ പറയുന്നത്. സത്യനെ കൃത്യമായി അവതരിപ്പിച്ചാൽ പ്രതിഫലമായി ഒരു പവൻ നൽകുമെന്നാണ് മകന്റെ വെല്ലുവിളി. കഴിഞ്ഞ ദിവസം സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘സത്യൻ സ്മൃതി’യിൽ സംസാരിക്കുകയായിരുന്നു മകൻ.
സത്യനെ അനുകരിക്കുന്നവരിൽ ചിലർ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കലാണെന്നാണ് മകൻ പറയുന്നത്. സത്യനെ കൃത്യമായിട്ടല്ല പലരും അനുകരിക്കുന്നത്. മായം ചേർത്താണ് അവതരിപ്പിക്കുന്നത്. സത്യൻ എന്ന നടനെ കൊഞ്ഞനം കുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകൻ പറഞ്ഞു. മിമിക്രി കൊണ്ട് ജീവിക്കുന്നവർ ഗുരുത്വമില്ലായ്മ കാണിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. സത്യനെ അനുകരിക്കുന്നവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോ എന്നത് സംശയമാണെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട്, ഒരു മൂളലോ ചിരിയോ ഏതെങ്കിലും ഒരു രംഗമോ കൃത്യമായി അനുകരിച്ചാൽ ഒരു പവൻ സമ്മാനമായി നൽകുമെന്നാണ് മകൻ പറയുന്നത്. അതിനായി സെൻട്രൽ സ്റ്റേഡിയത്തിൽ പരിപാടി നടത്താനും താൻ തയ്യാറാണെന്നും സതീഷ് പറഞ്ഞു.
1952 ൽ പുറത്തിറങ്ങിയ ആത്മസഖി എന്ന ചിത്രത്തിലൂടെയാണ് സത്യൻ അരങ്ങേറുന്നത്. നീലക്കുയിൽ, അനുഭവങ്ങൾ പാളിച്ചകൾ, കരിനിഴൽ, കടൽപ്പാലം, യക്ഷി, ഓടയിൽനിന്ന്, ചെമ്മീൻ തുടങ്ങി മലയാള സിനിമയിലെ നിരവധി ക്ലാസിക്കുകളുണ്ട് അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയിൽ. 1971 ലാണ് അദ്ദേഹം മരണപ്പെടുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

