ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇംഗ്ലണ്ടിനെ നയിക്കാൻ ഒലി പോപ്പ് എത്തുന്നു. നായകൻ ബെൻ സ്റ്റോക്‌സിന് വലത് തോളിന് പരിക്കേറ്റതിനെ തുടർന്ന് അഞ്ചാം ടെസ്റ്റിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതോടെയാണ് പോപ്പ് താൽക്കാലിക നായകനായി ചുമതലയേറ്റത്. നാലാം ടെസ്റ്റിൽ അഞ്ച് വിക്കറ്റുകളും സെഞ്ച്വറിയും നേടി മാൻ ഓഫ് ദി മാച്ച് ആയ സ്റ്റോക്‌സിന്റെ അഭാവം ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ്. മിന്നും ഫോമിൽ നിൽക്കുമ്പോളാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
സ്റ്റോക്‌സ് ഉൾപ്പെടെ നാല് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനിറങ്ങുന്നത്. ഓവലിലെ പേസ് അനുകൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് നാലാം ടെസ്റ്റിൽ കളിച്ച സ്പിന്നർ ലിയാം ഡോവ്‌സനെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ജോഫ്ര ആർച്ചർ, ബ്രയ്ഡൻ കർസ് എന്നിവരും അഞ്ചാം ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായി. ജേക്കബ് ബേതേൽ, ഗസ് അറ്റ്കിൻസൻ, ജാമി ഓവർടൻ, ജോഷ് ടോംഗ് എന്നിവരാണ് പ്ലെയിങ് ഇലവനിലെ പുതിയ നാല് താരങ്ങൾ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജാമി ഓവർടൻ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. 2022-ൽ അരങ്ങേറ്റ ടെസ്റ്റ് മാത്രമാണ് അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളത്. ആറാം നമ്പറിൽ ജേക്കബ് ബേതേൽ ഇംഗ്ലണ്ടിനായി ബാറ്റിംഗിനിറങ്ങും.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ: ഒലി പോപ്പ് (ക്യാപ്റ്റൻ), സാക് ക്രൗളി, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബേതേൽ, ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൻ, ജാമി ഓവർടൻ, ജോഷ് ടോംഗ്.

