ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവനെ പ്രഖ്യാപിച്ചു. 8 വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്പിന്നർ ലിയാം ഡോവ്സൻ ടീമിൽ തിരിച്ചെത്തിയതാണ് മാറ്റം. പരിക്കേറ്റ് പുറത്തായ ഷൊയ്ബ് ബഷീറിനു പകരമാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. 2017ൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് താരം അവസാനമായി ഇംഗ്ലണ്ട് ജേഴ്സിയിൽ ടെസ്റ്റ് കളിച്ചത്. 2016ൽ ഇന്ത്യക്കെതിരെയാണ് 35കാരന്റെ അരങ്ങേറ്റമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവും ഇന്ത്യക്കെതിരെ എന്നത് ശ്രദ്ധേയം.
ഡോവ്സന്റെ തിരിച്ചു വരവ് മാറ്റി നിർത്തിയാൽ മൂന്നാം ടെസ്റ്റ് കളിച്ച ടീമിൽ മറ്റ് മാറ്റങ്ങളൊന്നും ഇംഗ്ലണ്ട് വരുത്തിയിട്ടില്ല. 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-2നു മുന്നിലാണ്. നാളെ മുതൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രോഫോർഡിലാണ് നാലാം ടെസ്റ്റ്. നിർണായക ടെസ്റ്റ് വിജയിച്ച് സമനിലയിലെത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പരമ്പര ഉറപ്പിക്കലാണ് ഇംഗ്ലണ്ട് നോട്ടമിടുന്നത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ലിയാം ഡോവ്സൻ, ക്രിസ് വോക്സ്, ബ്രയ്ഡൻ കർസ്, ജോഫ്ര ആർച്ചർ.

