ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

ഇംഗ്ലണ്ടിന്റെ പ്രമുഖ പേസ് ബൗളിങ് ഓൾറൗണ്ടറായ ക്രിസ് വോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 36 വയസ്സുകാരനായ താരം കൗണ്ടി, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 31-ന് ഓവലിൽ ഇന്ത്യയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് വോക്സ് അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചത്. പരിക്കേറ്റ കൈ ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച്, ഒറ്റക്കൈയിൽ ബാറ്റേന്തി ക്രീസിലെത്തിയ വോക്സിന്റെ ആ പ്രകടനം അന്ന് കായികലോകത്തിന്റെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയിരുന്നു.

രണ്ട് ലോകകപ്പ് വിജയങ്ങളിൽ ഇംഗ്ലണ്ടിന് നിർണായക പങ്കുവഹിച്ച താരമാണ് വോക്സ്. 2019-ലെ ഏകദിന ലോകകപ്പ്, 2022-ലെ ട്വന്റി20 ലോകകപ്പ് എന്നിവ നേടിയ ടീമുകളിൽ അദ്ദേഹം അംഗമായിരുന്നു. 62 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 192 വിക്കറ്റുകളും 2034 റൺസും നേടി. 122 ഏകദിനങ്ങളിൽ നിന്ന് 173 വിക്കറ്റുകളും 1524 റൺസും സ്വന്തമാക്കി. 33 ട്വന്റി20 മത്സരങ്ങളിൽ 31 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ.) പഞ്ചാബ് കിങ്സ്, ഡൽഹി കാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു എന്നീ ടീമുകൾക്കായും വോക്സ് കളിച്ചിട്ടുണ്ട്.

Leave a Reply