നേപ്പാളിൽ നടന്നുവരുന്ന ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാർ ജയിലുകൾ ആക്രമിച്ചതിനെത്തുടർന്ന് 900 തടവുകാർ രക്ഷപ്പെട്ടു. രാജ്യത്തെ പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതോടെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. സേന മേധാവി ജനറൽ അശോക് രാജ് സിഗ്‌ദേൽ പ്രതിഷേധക്കാരായ യുവാക്കളോട് സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടു. സമരം നിർത്തി ചർച്ചകൾക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പൊതു, സ്വകാര്യ സ്വത്തുക്കളും നയതന്ത്ര കാര്യാലയങ്ങളും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രതിഷേധത്തിന്റെ മറവിൽ കൊള്ളയും കൊള്ളിവെപ്പും നടത്തുന്നവർക്ക് സൈന്യം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ ശക്തമായ നടപടികളെടുക്കേണ്ടി വരുമെന്ന് സേനാ മേധാവി പറഞ്ഞു. തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിന്റെ സുരക്ഷ സൈന്യം ഏറ്റെടുത്തു. എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
നേപ്പാളിലെ തെരുവുകളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. പല സ്ഥലങ്ങളിലും സൈന്യവും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. അതേസമയം, നേപ്പാളിൽ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുകയാണ്. കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ, വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് നേപ്പാളിലേക്കുള്ള യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകി. സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കാൻ ലോകരാഷ്ട്രങ്ങൾ ആഹ്വാനം ചെയ്തു.

