രണ്ട് മാസത്തെ അറ്റകുറ്റപ്പണികൾക്ക് ശേഷം എമിറേറ്റ്സ് റോഡ് ഓഗസ്റ്റ് 25-ന് ഗതാഗതത്തിനായി വീണ്ടും തുറക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 14 കിലോമീറ്റർ നീളത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
ഓരോ 48 മുതൽ 56 മണിക്കൂറിനുള്ളിലും ഏകദേശം 400-നും 500-നും ഇടയിൽ മീറ്റർ റോഡിന്റെ പണി പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടെന്ന് RTA-യുടെ റോഡ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുല്ല ലൂത്ത പറഞ്ഞു. ഹെവി ട്രാഫിക് കാരണം റോഡിന്റെ നിലവാരം (Pavement Quality Index – PQI) 85 ശതമാനമായി കുറഞ്ഞതിനാലാണ് നവീകരണം നടത്തേണ്ടിവന്നത്. റോഡിന്റെ ഗുണമേന്മ 90 ശതമാനത്തിന് മുകളിൽ നിലനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുനർനിർമാണത്തിനായി അതിവേഗ പാതകളിൽ നിന്ന് 14 സെന്റീമീറ്റർ ഉപരിതലം നീക്കം ചെയ്ത് പുതിയ അഞ്ച് മുതൽ ആറ് പാളികൾ നിർമ്മിക്കും. വേഗത കുറഞ്ഞ പാതകളിൽ എട്ട് സെന്റീമീറ്റർ വരെ കുഴിയെടുത്താണ് പുതിയ പാളികൾ സ്ഥാപിക്കുക. റോഡിലെ കേടുപാടുകൾ കണ്ടെത്താൻ കാമറയും ലേസറുകളും ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ ഉപരിതലത്തിലെ മിനുസം കണ്ടെത്താൻ അന്താരാഷ്ട്ര റഫ്നസ് ഇൻഡെക്സ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

